ഫ്‌ളാറ്റ് നിർമാണ മേൽനോട്ടത്തിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം

പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഫ്‌ളാറ്റ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ല കളക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.
ഫ്‌ളാറ്റ് നിർമാണത്തിന്റെ മേൽനോട്ടത്തിനായി ജില്ലാടിസ്ഥാനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ആഗസ്റ്റിൽ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ജൂലൈ 31നകം ഫ്‌ളാറ്റ് നിർമാണത്തിനനുയോജ്യമായ ഭൂമിയുടെ ലിസ്റ്റ് ജില്ലകളിൽ നിന്ന് ലഭ്യമാക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തന്നെ ഭൂമി കണ്ടെത്താൻ മന്ത്രി നിർദ്ദേശിച്ചു. ഫ്‌ളാറ്റ് നിർമാണത്തിൽ പരിചയമുള്ള വൻകിട നിർമാതാക്കളുടെ ഉപദേശവും സാങ്കേതിക സഹായവും നിർമാണോപകരണങ്ങളുടെ സേവനവും സ്വീകരിക്കും. എൻജിനിയറിംങ് കോളേജുകളുടെ സഹായവും പ്രയോജനപ്പെടുത്തും.
കെയർഹോം പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ 2000 ഫ്‌ളാറ്റുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ലൈഫ് മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 2040 വീടുകളാണ് നിർമിക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 1500 ലധികം വീടുകൾ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ആഗസ്റ്റ് 15ന് മുമ്പ് മുഴുവൻ വീടുകളും കൈമാറും. ഫ്‌ളാറ്റ് നിർമാണം പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർമാർ സഹകാരികളുടെ യോഗം വിളിക്കും. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്‌ളാറ്റ് ലഭിക്കുന്നവരുടെ സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. നിലവിൽ ജില്ലകളിൽ ലഭ്യമായ സ്ഥലങ്ങളുടെ വിശദാംശങ്ങൾ മന്ത്രി ചർച്ച ചെയ്തു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലൈഫ് മിഷൻ സി. ഇ. ഒ യു. വി. ജോസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.