കണ്ണൂർ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ഇനി ഡെബിറ്റ്്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം. റവന്യൂ ഇ-പെയ്‌മെന്റ്, ഓണ്‍ലൈന്‍ ടാക്‌സ് പെയ്‌മെന്റ് പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് കറന്‍സി രഹിത സേവനം ലഭ്യമാക്കുന്നതിനോടൊപ്പം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക, ഓഫീസുകളിലെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ട്രഷറികളില്‍ സമയബന്ധിതമായി പണമടയ്ക്കാനും മെഷിന്‍ ലഭ്യമാകുന്നതോടെ സാധിക്കും.
വില്ലേജ്് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ പൊതുജനസേവകരാണെന്നും ഓഫീസുകളിലെത്തുന്ന ആളുകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ 132 വില്ലേജ് ഓഫീസുകള്‍ക്കുള്ള ഇ-പോസ് മെഷിനുകളാണ് വിതരണം ചെയ്തത്. ജിപിഎസ് സംവിധാനം വഴിയാണ് ഇ-പോസ് മെഷിന്‍ കണക്ട് ചെയ്യുന്നത്. ജിഎസ്ടി ബാധകമാകുന്നതും ഹെഡ് ഓഫ് അക്കൗണ്ട് ഇല്ലാത്തതുമായ ഇടപാടുകള്‍ ഇ-പോസ് മെഷിന്‍ വഴി സാധ്യമല്ല. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. മെഷിന്‍ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് വിശദീകരിച്ചു. ഡെപ്യൂട്ടി കലക്ടര്‍(ഡിഎം) എന്‍ കെ എബ്രഹാം, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍,  ജൂനിയര്‍ സൂപ്രണ്ട് പ്രേമരാജന്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് അജിത് കുമാര്‍, ഐടി സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.