പകര്‍ച്ചവ്യാധികളെ തുടച്ചു നീക്കുന്നതിന് നിരന്തര ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് എഡിഎം അനു എസ്. നായര്‍ പറഞ്ഞു. ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നെന്ന് എല്ലാ വ്യക്തികളും ഉറപ്പുവരുത്തണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഉള്‍പ്പെടെയുള്ള ദുശീലങ്ങള്‍ മാറ്റണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും എഡിഎം പറഞ്ഞു. ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനത്തിന് ജനുവരി    മൂന്നിന് രാവിലെ 10ന് പത്തനംതിട്ട ഹില്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രൂപം നല്‍കും. ജില്ലയിലെ തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും എഡിഎം പറഞ്ഞു.
ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ജനുവരി മൂന്നു മുതല്‍ ആറുവരെ ഗുളിക വിതരണ കാമ്പയിന്‍ നടത്തുമെന്ന് ഡെപ്യുട്ടി ഡിഎംഒ ഡോ. എല്‍. അനിതാ കുമാരി പറഞ്ഞു. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കും ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശീയര്‍ക്കും പ്രതിരോധ ഗുളിക നല്‍കും. ഒരേ ദിവസം ഒരേ സമയം മരുന്ന് കഴിക്കുന്നതിലൂടെ മന്ത് രോഗത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതര സംസ്ഥാന തൊഴിലാളികളിലും മറ്റ് സംസ്ഥാനങ്ങളില്‍ പോയി വരുന്ന തദ്ദേശീയരിലും മലേറിയ രോഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലേറിയ നിര്‍മാര്‍ജന പ്രവര്‍ത്തനം ശക്തമാക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ   ഭാഗമായി എല്ലാ ഓഫീസുകളും പരിസരവും ശുചീകരിക്കും. എല്ലാ ആഴ്ചയും ഇത് ചെയ്യുന്നെന്ന് ഉറപ്പാക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കിയാല്‍ എലി പെരുകുന്നത് തടയാന്‍  കഴിയും. തട്ടുകട, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ശുചിത്വം പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകള്‍ കാര്യക്ഷമമാക്കും. ബാര്‍ബര്‍ഷോപ്പ്, ലാബ് എന്നിവിടങ്ങളില്‍  അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. നദികളും ജലാശയങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കുന്നെന്ന് ജനങ്ങള്‍  ഉറപ്പുവരുത്തണമെന്നും ഡെപ്യുട്ടി ഡിഎംഒ പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.  എബി സുഷന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.