•  സംസ്ഥാനത്തെ ബാലഭിക്ഷാടന മാഫിയകളില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ബാലവേല-ബാലഭിക്ഷാടനം-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം ശിശുസൗഹൃദ സംസ്ഥാനമാണെങ്കിലും നേരിയ തോതില്‍ ബാലവേലയും ബാലഭിക്ഷാടനവും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ വ്യക്തിത്വത്തിന് വില നല്‍കുന്ന ഭരണകൂടത്തിന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പൈലറ്റ് പ്രൊജക്ടാണ് ശരണബാല്യം പദ്ധതി. എവിടെയെങ്കിലും കുട്ടികള്‍ ഭിക്ഷയെടുക്കുന്നതായി കണ്ടാല്‍ ഉടന്‍ 1517 എന്ന ട്രോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണം.  ബന്ധപ്പെട്ട       ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. കൂടാതെ കുട്ടികളെ കൊണ്ടു വന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളും സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍  ബാലഭിക്ഷാടനം തടയുന്നതിനായി പത്തനംതിട്ട ജില്ലാ കലക് ടര്‍ ആര്‍ ഗിരിജ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയാണ് പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാന വ്യാപകമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 കുട്ടികളെ പദ്ധതിപ്രകാരം     രക്ഷിക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. ജനന സമയം മുതല്‍ തന്നെ കുട്ടികള്‍ക്ക് ആരോഗ്യപൂര്‍ണമായ അന്തരീക്ഷത്തില്‍ വളരാനുള്ള അവകാശമുണ്ട്. നല്ല പൗരന്‍മാരായി വളര്‍ത്താന്‍ അവരെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കേണ്ടതായിട്ടുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് പോലും കുട്ടികള്‍ ഇരയാവുന്നു. ഈ സാഹചര്യത്തിലാണ്  വനിതാ ശിശുേക്ഷമ വകുപ്പ് ആറു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ ഉപയോഗപ്പെടുത്തി പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇവര്‍ക്ക് പ്രത്യേകം പരിശീലനവും വിവിധ വകുപ്പുകളുടെ ഏകോപനവും സാധ്യമാക്കിയിട്ടുണ്ട്. ജോലിക്ക് പോകുന്നവരുടെ കുട്ടികളെ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രഷുകള്‍ ആരംഭിക്കും. അങ്കണവാടികളുടെ നവീകരണത്തിനും സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. കൗമാരപ്രായക്കാരായ കുട്ടികളെ മാതാപിതാക്കള്‍ ജോലികഴിഞ്ഞെത്തുന്നത് വരെ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് ട്യൂഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന നാട്ടിലൊരു കൂട്ട് പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുപോലെ വിവിധ പുവര്‍ഹോമിലും മറ്റും താമസിക്കുന്ന കുട്ടികളുടെ കലാകായിക അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിന് ദിശ എന്ന പദ്ധതിയും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി ശ്രദ്ധ ബുക്ക് പ്രകാശനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ക്രൈം ബ്രാഞ്ച് ഐ ജി എസ്.ശ്രീജിത്ത്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.