ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേറ്റ് റിവ്യൂ മിഷൻ അംഗങ്ങൾ വയനാട്ടിൽ. കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെട്ട വയനാടിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ കേന്ദ്ര സംഘം (സെൻട്രൽ റിവ്യൂ മിഷൻ) ആഗസ്റ്റിലെത്തും. ഇതിന്റെ മുന്നോടിയായാണ് സ്റ്റേറ്റ് റിവ്യൂ മിഷൻ അംഗങ്ങൾ ജില്ലയിലെത്തിയത്. ഡോ. നിത വിജയൻ (എസ്പിഎം ആർസിഎച്ച്), ഡോ. വി ആർ രാജു (എസ്പിഎം-എൻഎച്ച്എം), ഡോ. നാരായണ നായിക് (ഡിഎംഒ കണ്ണൂർ), ഡോ. ജയശ്രീ (ഡിഎംഒ കോഴിക്കോട്), ആർസിഎച്ച് ഓഫിസർമാരായ ഡോ. രാജേഷ്, ഡോ. കൃഷ്ണവേണി, ഡോ. ജയന്തി, കണ്ണൂർ ഡിഎസ്ഒ ഡോ. എം കെ ഷാജ്, കണ്ണൂർ ഡിടിഒ ഡോ. അശ്വിൻ, കോട്ടയം ഡിടിഒ ട്വിങ്കിൾ പ്രഭാകർ, ഡോ. പി വി അരുൺ (എസ്എൻഒ-എച്ച് ആന്റ് ഡബ്ല്യുസി), ഡോ. അമർ ഫെറ്റിൽ (എസ്എൻഒ-എഎച്ച്), ഡോ. കെ സുരേഷ് (എസ്എഎം), ഡോ. എ നവീൻ (കോഴിക്കോട് ഡിപിഎം) എന്നിവരാണ് സംഘത്തിലുള്ളത്.
ജൂലൈ 20 വരെ സംഘം വയനാട്ടിലുണ്ടാകും. ജൂലൈ 18ന് രാവിലെ കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന അവലോകന യോഗത്തിൽ വയനാടിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം തരിയോട്, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും വാഴവറ്റ, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയ വെങ്ങപ്പള്ളി സർക്കാർ ആശുപത്രിയിലും ഇവർ സന്ദർശനം നടത്തി. ജൂലൈ 19,20 തീയതികളിലായി ജില്ലാ ആശുപത്രിയടക്കം ഇതര ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും. അവലോകന യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡിഎംഒ ഡോ. ആർ രേണുക, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.