ജില്ലയിലെ 87 സര്‍ക്കാര്‍ – എയിഡഡ് ഹൈസ്‌കൂളുകളിലുളള 1097 ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഇ@ഉത്സവ് ഏകദിന ക്യാമ്പിന് സമാപനമായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. 76 പരിശീലകരുടെ സഹായത്തോടെ ജില്ലയില്‍ 38 കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌കകരിച്ച് അംഗങ്ങള്‍ക്ക് അഞ്ചു മേഖലകളില്‍ തുടര്‍ച്ചയായി പരിശീലനം നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ 2017 ജനുവരിയിലാണ് ആരംഭിച്ചത്. കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയായിരുന്നു പരിശീലനം.

ഡ്രാഗ് & ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ് ഇന്‍വെന്റര്‍’ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്.

ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്തുമസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ്, മാജിക് പെയിന്റര്‍, ബോള്‍ ആന്റ് ബാസ്‌കറ്റ് ഗെയിം തുടങ്ങിയവയാണ് ആപ് ഇന്‍വെന്റര്‍ വഴി കുട്ടികള്‍ ഈ ഏകദിനപരിശീലനത്തിലൂടെ തയ്യാറാക്കിയത്. പരിശീലനത്തില്‍ വിവിധകേന്ദ്രങ്ങളിലായി 1045 കുട്ടികള്‍ പങ്കെടുത്തു.

ഐടി മേഖലയിലെ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമായ ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം ശൃംഖല നടപ്പിലാക്കുന്നതിലൂടെ സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ സംരക്ഷകരായി കുട്ടികളേയും ഭാഗഭാക്കാന്‍ കഴിയുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.