ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസ് മുറികളില്‍ ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതാത് സ്‌കൂളുകളുടെ വിദ്യാഭ്യാസ മാതൃകയില്‍ ക്ലാസ്മുറികളുടെ അവശ്യകതക്കനുസരിച്ചുള്ള മാറ്റങ്ങളാണ് വരുത്തുക. കോരങ്ങാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കാലത്തും ലക്ഷ്യബോധത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി അവ പ്രാവര്‍കത്തികമാക്കുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ട് മുതല്‍ 12 വരെയുള്ള 48000 ക്ലാസ് മുറികള്‍ ഇതിനോടകം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. സമാനമായ രാഷ്ട്രീയ സംസ്‌കൃതിയിലേക്ക് ഉന്നതവിദ്യാഭ്യസ മേഖലയെ മാറ്റുക എന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുവഴി പഠനത്തിലും ഗവേഷണത്തിലും മറ്റുതരത്തിലുള്ള പരീക്ഷണങ്ങളിലും താല്‍പര്യമുള്ള തലമുറയായി പ്ലസ്ടുകഴിഞ്ഞ് കലാലയത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികളെ മാറ്റാന്‍ കഴിയും. സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാരും അവരവരുടെ നിയോജക മണ്ഡലങ്ങളിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ ഏറ്റെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്ന് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം സമഗ്ര ശിക്ഷ കേരളയുടെ 27.30 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവഴി കാലങ്ങളായി വിദ്യാലയം അനുഭവിച്ചിരുന്ന ക്ലാസ്മുറികളുടെ പരിമിതിക്ക് പരിഹാരമാവുകയാണ്.
ചടങ്ങില്‍ പ്രധാനാധ്യാപകന്‍ അബൂബക്കര്‍ സിദ്ധിഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍.കെ മോഹന്‍കുമാര്‍, താമരശ്ശേരി എ.ഇ.ഒ എന്‍.പി മുഹമ്മദ് അബ്ബാസ്, കൊടുവള്ളി ബി.പി.ഒ വി.എം മെഹറലി, ജനപ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കോരങ്ങാട് സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.