സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളിൽ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും നിയമസഭാ വിഷയനിർണയ സമിതി കല്ലട ഡാം സന്ദർശിക്കും. ഈ മാസം 25ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച്വരെ സമിതിയംഗങ്ങൾ കാര്യങ്ങൾ നേരിട്ട് വിലയിരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണൻ കുട്ടി അധ്യക്ഷനായ മൂന്നാം നമ്പർ സമിതിയിൽ എം.എൽ.എമാരായ വി.ടി. ബൽറാം, ജി.എസ്. ജയലാൽ, കെ.ജെ. മാക്സി, മോൻസ് ജോസഫ്, എൻ.എ. നെല്ലിക്കുന്ന്, പി.ടി.എ. റഹിം, ഐ.ബി. സതീഷ്, പി.ടി. തോമസ് എന്നിവർ അംഗങ്ങളാണ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൃഷി, മത്സ്യകൃഷി, കുടിവെള്ള വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് കല്ലട ജലസേചന പദ്ധതിക്ക് തുടക്കംകുറിച്ചത്. 714 കോടി രൂപയായിരുന്നു ചെലവ്. 549 ചതുരശ്ര കിലോമീറ്റർ ആണ് ഡാമിന്റെ വൃഷ്ടിപ്രദേശം. പ്രതിവർഷം 305 സെന്റീമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഈ ജലം ഫലപ്രദമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷയ നിർണയ സമിതി സ്ഥലം സന്ദർശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ തെന്മലയിൽ കെ.എസ്.ഇ.ബി. 15 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇക്കോ-ടൂറിസം കേന്ദ്രമായ ഇവിടം പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രവുമാണ്.

നിലവിൽ 15,000 ഹെക്ടർ ആയക്കട്ട് പ്രദേശത്ത് നെൽകൃഷിയുണ്ട്. ഇതിന് ആവശ്യമായതിലും കൂടുതൽ ജലം കല്ലട ഡാമിൽ ലഭ്യമാണ്. ഈ ജലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് മനസിലാക്കുന്നതിനും നിലവിലെ സ്ഥിതി അറിയുന്നതിനുമായി ടി.കെ.എം. എൻജിനിയറിങ് കോളജിന്റെ ആഭിമുഖ്യത്തിൽ പഠനം നടത്തിയിരുന്നു. ഡാമിലെ ജലം കൃഷിയിടങ്ങളിൽ എത്തിക്കാനായി കുഴിച്ചിട്ട പൈപ്പുകൾ പലതും നശിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കല്ലട ഡാമിൽനിന്നും കൂടുതൽ കൃഷിഭൂമികളിലേക്ക് സൂക്ഷ്മജലസേചന പദ്ധതികളിലൂടെയടക്കം ജലം എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിയമസഭാ സമിതി വിഷയം പഠിക്കുന്നത്. പുതിയ ചെറുകിട-സൂക്ഷ്മ ജലസേചന, ജലവിതരണ പദ്ധതികൾ ആവിഷ്‌കരിച്ച് കുടുതൽ പ്രദേശങ്ങളിൽ കൃഷിക്കും കുടിക്കുന്നതിനും ജലം ലഭ്യമാക്കാൻ കഴിയുമോയെന്ന കാര്യവും ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായ വിഷയനിർണയ സമിതി പരിശോധിക്കും.