‘മുറ്റത്തെ മുല്ല’ മൈക്രോഫിനാൻസ് പദ്ധതിയെക്കുറിച്ച് ഏകദിന ശിൽപശാല 24ന് ജഗതി ജവഹർ സഹകരണ ഭവനിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിക്കും. 300 പേർ പങ്കെടുക്കുന്ന ശില്പശാലയിൽ കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന്റെ ചർച്ചയും വിശദീകരണവും ഉണ്ടാകും.

ഗ്രാമീണ ജനതയെ കടക്കെണിയിലൂടെ ദുരിതത്തിലാക്കി പീഡിപ്പിക്കുന്ന കൊള്ളപലിശക്കാരിൽ നിന്നും സ്വകാര്യ മൈക്രോഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിന് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘുഗ്രാമീണ വായ്പാ പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’. പ്രാഥമിക സഹകരണ സംഘങ്ങൾ കുടുംബശ്രീയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പാലക്കാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും ഏഴു മുനിസിപ്പാലിറ്റികളിലും വിജയകരമായി നടപ്പാക്കി. ഇതിനകം 70 കോടി രൂപ വായ്പ നൽകി. പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, കുടുംബശ്രീമിഷൻ കോ-ഓർഡിനേറ്റർ എന്നിവരെ പങ്കെടുപ്പിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.