ഇടുക്കി: 2018-19 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ലൈബ്രറികള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയായ ‘ സ്‌കൂള്‍ ലൈബ്രറി ശാക്തീകരണം 2019’ന് തുടക്കമായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പുസ്തക വിതരണോദ്ഘാടനം പി ജെ ജോസഫ് എം. എല്‍. എ. നിര്‍വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അധ്യക്ഷനായിരുന്നു. താന്‍ പഠിക്കുന്ന കാലത്ത് ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നെന്നും തന്നെ  സ്വാധീനിച്ച ഒരു പുസ്തകം നെഹ്റു എഴുതിയ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകമാണെന്നും പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. കുട്ടികള്‍ വായിച്ചു വളരണം. വായനയിലൂടെ അറിവ് നേടണം. അറിവ് നിങ്ങള്‍ക്ക് ശക്തി തരും. ജീവിതത്തില്‍ ഒരു  ലക്ഷ്യം വേണം.വീടും പരിസരവും ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പരിസ്ഥിതിയെ കുറിച്ച് അവബോധം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കനുസരിച്ച് വായനാശീലത്തെ പരിപോഷിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കി സ്‌കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തുക എന്നതാണ് സ്‌കൂള്‍ ലൈബ്രറി ശാക്തീകരണം 2019 പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന എയ്ഡഡ്, അണ്‍എയ്ഡഡ് ആയ 35ഓളം സ്‌കൂളുകളിലേക്കായി  4 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഒരു സ്‌കൂളില്‍ ഏകദേശം 85 പുസ്തകങ്ങളാണ് നല്‍കിയത്.