പത്തനംതിട്ട: പ്രളയവുമായി ബന്ധപ്പെട്ട് മാനസിക അസ്വസ്ഥതകള്‍ നേരിട്ട 9822 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യ മേഖലയില്‍ 3.07 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. 0.74 കോടി രൂപ വിനിയോഗിച്ച് 10 ആശുപത്രികള്‍ പുനരുദ്ധാരണം ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശാരീരിക പരിമിതി നേരിടുന്ന 99 പേര്‍ക്ക് വീല്‍ ചെയര്‍, ഹിയറിംഗ് എയ്ഡ്‌സ്, കണ്ണടകള്‍ എന്നിവ വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഉണ്ടായ പ്രളയശേഷം പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ജില്ലയ്ക്ക് സാധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ ആസൂത്രിതവും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങളാലാണ് ഇത് സാധ്യമായത്.
പ്രളയകാലത്ത് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും എല്ലാ ദിവസവും മെഡിക്കല്‍ ടീമിനെ എത്തിച്ച് വൈദ്യസഹായം നല്‍കി. ഇതിനാവശ്യമായ മരുന്നുകളും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭ്യമാക്കി. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഏകോപനത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തി.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ 10 താത്ക്കാലിക ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആശുപത്രി പ്രവര്‍ത്തനം തടസപ്പെട്ട ചാത്തങ്കേരിയില്‍ എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ താത്ക്കാലിക ആശുപത്രി പ്രവര്‍ത്തിച്ചു.
പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളും അടൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലെ നോഡല്‍ സെന്ററുകളുമാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അധിക വാഹനങ്ങള്‍ ലഭ്യമാക്കി. പ്രളയശേഷം കൊതുകുജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവയുടെ വ്യാപന സാധ്യത മുന്‍കൂട്ടികണ്ട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്ക്കാലികമായി നിയമിച്ച് ആവശ്യമായ പരിശീലനം നല്‍കി. ആശമാരുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി നിരന്തരമായി ക്ലോറിനേഷനും എലിപ്പനി പ്രതിരോധ ഗുളിക വിതരണവും നടത്തി.
പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ നിരന്തര ബോധവത്ക്കരണം നടത്തി. ജില്ലയിലെ സ്‌കൂളുകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരെ ആവശ്യമായ പരിശീലനം നല്‍കി പകര്‍ച്ചവ്യാധി നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു.