ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി;    2 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കാലവര്‍ഷം ശക്തമായതോടെ ഹൊസ്ദുര്‍ഗ് താലൂക്കില്‍ പുനരിധിവാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി.  കനത്ത മഴയില്‍ പലയിടങ്ങളും വെള്ളത്തിലായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ രണ്ടും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മീനാപ്പീസ് ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളിലാണ് തിങ്കളാഴ്ച മുതല്‍ താത്കാലികമായി  ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.രണ്ടു കുടുംബങ്ങളില്‍ നിന്നായി 12 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. നിലവില്‍ താമസവും ഭക്ഷണ സൗകര്യവും ഇവര്‍ക്ക് ഒരുക്കിയിട്ടുണ്ട്. കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലരെയും  ബന്ധു വീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ഈ മാസം 20 മുതല്‍ 23 വരെയുള്ള കാലയളവില്‍ കനത്ത കാറ്റിലും മഴയിലും ഹൊസ്ദുര്‍ഗ് താലൂക്കിലെ ഒന്‍പത് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ശരാശരി 4.45 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അറിയിച്ചു. മടിക്കൈ അമ്പലത്തറ ഭാഗങ്ങളില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ 30.15 ലക്ഷം രൂപയുടെ കൃഷിനാശം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.