കൊല്ലം ജില്ലയിലെ 140-ഓളം കശുവണ്ടി ഫാക്ടറികളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്റെ അധ്യക്ഷതയില്‍ തൊഴിലുടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം തൊഴില്‍ ഭവനില്‍ ചേര്‍ന്നു. കശുവണ്ടി മേഖലയില്‍ മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പരാതിക്ക് കാരണമായ എല്ലാ കശുവണ്ടി ഫാക്ടറികളിലും ജില്ലാ ലേബര്‍ ഓഫീസറുടെ(എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ അടിയന്തര പരിശോധന നടത്തും.
കാഷ്യു സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നേരത്തേ ഉണ്ടായിരുന്ന കാഷ്യു സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാര്‍, ഇഎസ്‌ഐ, പിഎഫ് ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡ്.