കാക്കനാട്: കളമശേരി മെഡിക്കൽ കോളജിൽ മരിച്ച അതിഥി തൊഴിലാളിക്കാശ്വാസമായി തൊഴിൽ വകുപ്പ്. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ സ്വദേശി ചിരഞ്ജിത് റോയി (28)യാ ണ് ചികിത്സയിലിരിക്കെ കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ചത്. രക്തം ചർദ്ദിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളും ആവാസ് പദ്ധതിയിൽ പെടുത്തി തൊഴിൽവകുപ്പാണ് വഹിച്ചത്. അർധരാത്രി ഐ.സി.യുവിലെത്തിയാണ് തൊഴിൽ വകുപ്പുദ്യോഗസ്ഥർ ആവാസ് കാർഡ് നൽകിയത്.
ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം മരണപ്പെട്ടതോടെ തുടർ നടപടികൾ വേഗത്തിലാക്കി മൃതദേഹം സൗജന്യമായി നാട്ടിലെത്തിച്ചു നൽകി. തൊഴിൽ വകുപ്പിന്റെ റിവോൾവിങ്ങ് ഫണ്ടാണ് ഇതിനായി ചെലവഴിച്ചത്. തങ്ങളുടെ നിസഹായാവസ്ഥയിൽ കൈ താങ്ങായ തൊഴിൽ വകുപ്പിനും ജില്ലാ ലേബർ ഓഫീസർ വി.ബി ബിജു അടക്കമുള്ളവർക്കും നന്ദി പറഞ്ഞാണ് ചിരഞ്ജിത് റോയിയുടെ സഹോദരൻ ബന്തു റോയി അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങിയത്. അസി. ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ, സീനിയൽ ക്ലർക്ക് ജി.കൃഷ്ണപ്രസാദ് എന്നിവരാണ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.