മൂന്നാംഘട്ടത്തില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍

കാസർഗോഡ്: എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതു വരെ പൂവണിഞ്ഞത് 6242 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കി വരുന്നത്. നേരത്തേ വിവിധ പദ്ധതികളിലായി സഹായ ധനം അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയാണ് 2017 നവംബറില്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നടത്തിയത്.
2018 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാമത്തെ ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കുള്ള വീട് നിര്‍മ്മാണവുമാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ലിസ്റ്റിലുള്‍പ്പെട്ട 2935 ഗുണഭോക്താക്കളില്‍ 2825 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കി 110 വീടുകളുടെ പ്രവൃത്തികള്‍ ആഗസ്റ്റോടെ പൂര്‍ത്തീകരികാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരുന്നു സര്‍വ്വേ നടത്തിയത്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരവും അനുവദിച്ചിരുന്നു.
ജില്ലയിലെ ഭൂരഹിതരായ ഭവനരഹിതരെ കണ്ടെത്തി പാര്‍പ്പിടം നല്‍കുകയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം. ഇതിലേക്കായി നഗരസഭകളുള്‍പ്പെടെ ജില്ലയില്‍ നിന്ന് 10,758 പേരെയാണ് ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്.ഇതില്‍ നിന്നും സൂക്ഷ്മ പരിശോധനയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തും. പരിശോധന ഉടന്‍ തന്നെ ആരംഭിക്കും. ഈ പദ്ധതിയ്ക്ക് വേണ്ടി എട്ടു നിലകളുള്ള പാര്‍പ്പിട സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്.
ഒരു ഏക്കര്‍ ഭൂമിയില്‍ 96 കുടുംബങ്ങള്‍ക്ക് വരെ താമസിക്കാന്‍ സാധിക്കുന്ന രീതിയില്‍ പരമാവധി സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കും. റോഡ്, സ്‌കൂള്‍, കടകള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ മേഖലകളിലായിരിക്കും ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുക.
ഇതിനായി ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ ഒരേക്കര്‍ പഞ്ചായത്ത് വക സ്ഥലവും ബേഡഡുക്കയില്‍ ഒരേക്കര്‍ റവന്യു ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പുത്തിഗെ ഗ്രാമ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലും പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നു.