പത്തനംതിട്ട: പ്രളയത്തില്‍ നാശനഷ്ടം നേരിട്ട മത്സ്യകര്‍ഷകര്‍ക്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം പ്രളയബാധിത മത്സ്യകൃഷിയിടം നവീകരിച്ച് കൃഷിയോഗ്യമാക്കുന്നതിന് ആകെ 59.4 ലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പ്രിന്‍സ് അറിയിച്ചു.
2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ ജില്ലയിലെ മത്സ്യമേഖലയില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. ജില്ലയില്‍ മത്സ്യബന്ധന-മത്സ്യകൃഷി മേഖലയില്‍ ആകെ 9.6 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യബന്ധന മേഖലയില്‍ 1.6 കോടി രൂപയുടെയും മത്സ്യകൃഷി മേഖലയില്‍ 5.6 കോടി രൂപയുടെയും ഫിഷറീസ് വകുപ്പിന്റെ അധീനതയില്‍ പന്നിവേലിച്ചിറ, പോളച്ചിറ, എടത്വ ഫാം ഹാച്ചറികളില്‍ 2.4 കോടി രൂപയുടെയും നാശനഷ്ടം സംഭവിച്ചു.
സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും മത്സ്യബന്ധന മേഖലയിലെ നാശനഷ്ട പരിഹാരമായി ആകെ 1059600 രൂപയും മത്സ്യകൃഷി മേഖലയിലെ നാശനഷ്ട പരിഹാരമായി 96675 രൂപയും ഉള്‍പ്പെടെ ആകെ 1156275 രൂപ അനുവദിച്ചു. ഇതുപ്രകാരം പൂര്‍ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന വലയുടെയും വള്ളത്തിന്റെയും നഷ്ടപരിഹാര തുക 99 മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി. ജില്ലയില്‍ ആകെ 57.96 ഹെക്ടര്‍ പ്രദേശത്തെ മത്സ്യകൃഷിക്ക് നാശനഷ്ടം നേരിട്ടു.
ഇതില്‍ 11.79 ഹെക്ടര്‍ പ്രദേശത്തിന്റെ നഷ്ടപരിഹാര തുകയായി 96675 രൂപ അനുവദിച്ചു. ഇതുപ്രകാരം 11.79 ഹെക്ടര്‍ പ്രദേശത്തെ മത്സ്യകര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുകയും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.