പ്രളയ- ദുരന്ത മേഖലകളിൽ മുന്നോട്ടുള്ള പഠനങ്ങൾക്ക് ഉപകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടേയും നിർദേശപ്രകാരം ‘ജിയോ ടാഗ് മാപ്പ്’ തയ്യാറാക്കി ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയം. പ്രളയം സംഭവിച്ച മേഖലകളിൽ ഭാവിയിലുളള മുൻകരുതലുകൾക്കും പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾക്കും അടിസ്ഥാന രേഖയായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമായി മാപ്പ് തയ്യാറാക്കിയത്. സംസ്ഥാത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രവർത്തനം.

പ്രളയം സംഭവിച്ച സ്ഥലങ്ങളിൽ ജലത്തിന്റെ ഉയരത്തിനനുസരിച്ചുള്ള വിവരങ്ങൾ, ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ അതിന്റെ വ്യാപ്തിക്കനുസരിച്ചുള്ള വിവരങ്ങൾ, പ്രളയ ഉരുൾപൊട്ടൽ മേഖലകളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സന്നദ്ധ സംഘടനകൾ, ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെകറ്റ് എന്നിവയുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളിലായി ഇരുന്നൂറോളം പേർ 20 ദിവസം സർവേ നടത്തിയാണ് മാപ്പ് തയ്യാറാക്കിയത്.