റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പ്രശ്‌നമെന്ന് ടി പത്മനാഭന്‍

ട്രാഫിക് നിയമങ്ങള്‍ പാലിച്ചുള്ള സുരക്ഷിത ഡ്രൈവിംഗ് സ്വഭാവത്തിന്റെ ഭാഗമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പും ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റും ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡ്രൈവിംഗ് ഒരു കലയാണ്. ഒപ്പം ഒരു എഞ്ചിനീയറിംഗ് സ്‌കില്‍ കൂടിയാണത്. നിയമങ്ങളെയും ശിക്ഷയെയും പേടിച്ചാവരുത് നാം നല്ല രീതിയില്‍ വാഹനമോടിക്കുന്നത്. മറിച്ച് അത് നമ്മുടെ ഒരു സംസ്‌ക്കാരമായി വളര്‍ത്തിയെടുക്കണം. വാഹനമോടിക്കുന്നവരുടെ മനസ്സിലെ സംഘര്‍ഷങ്ങളും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

ഇന്ന് മിക്കയാളുകളുടെയും ചിന്ത ഭൂത കാലത്തെപറ്റിയും ഭാവി കാലത്തെ പറ്റിയുമാണ്. ഇപ്പോഴത്തെ അവസ്ഥ എന്താണോ അതില്‍ ആരും ജീവിക്കുന്നില്ല. അനാവശ്യമായ ഉല്‍കണ്ഠകളാണ് മനസ്സില്‍. ഇത് മാറി ഓരോ നിമിഷവും ജീവിതത്തെ ആസ്വദിക്കുന്ന അവസ്ഥയുണ്ടാവണം. സ്വന്തത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നല്ല ഡ്രൈവിംഗ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനാവൂ എന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

ആശാസ്ത്രീയമാണ് നമ്മുടെ നാട്ടിലെ മിക്ക റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണമെന്നും റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ ഒരു കാരണം അതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച കഥാകൃത്ത് ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ റോഡുകളിലുള്ള ഹമ്പുകള്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിക്കുന്നതാണ്. ആവശ്യമായ മുന്നറിയിപ്പുകളോ അടയാളങ്ങളോ ഇല്ലാത്ത ഹമ്പുകള്‍ വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. നമ്മുടെ നാട്ടിലെ മാത്രം പ്രത്യേകതയാണിത്. ശരിയായ രീതിയിലുള്ള സ്പീഡ് ബ്രെയ്ക്കര്‍ മുറിച്ചു കടക്കുന്നത് യാത്രക്കാര്‍ക്ക് സുഖമുള്ള അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

25 കൊല്ലം ദീര്‍ഘദൂരം കാറോടിച്ചു പോയ ആളാണ് താനെന്നും അതിനിടയില്‍ ഒരിക്കല്‍ പോലും അപകടത്തില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാം ഓടിക്കുന്ന വാഹനത്തെ കുറിച്ച് മാത്രം ശ്രദ്ധയുണ്ടായാല്‍ പോരാ. മറ്റു വാഹനങ്ങള്‍ക്കു മേല്‍ കൂടി ഒരു കണ്ണുവേണം. നമ്മുടെ റോഡുകളില്‍ വാഹനമോടിക്കുകയെന്നത് ഒരു വലിയ അഭ്യാസമാണ്. മിടുക്കരായ ഡ്രൈവര്‍മാര്‍ പോലും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുന്നത് ദൈവത്തിന്റെ കാരുണ്യത്താലാണ്. അവകാശങ്ങളെ കുറിച്ച് നല്ല ബോധമുള്ള നമ്മള്‍ കാല്‍നടയായും പ്രകടനമായും റോഡില്‍ ഒഴുകി നടക്കുകയാണെന്നും അതിനിടയിലൂടെ വാഹനമോടിച്ചു പോവുന്നത് വലിയ സാഹസമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡില്‍ എവിടെയെങ്കിലും ഒരു പഴുതു കണ്ടാല്‍ അവിടേക്ക് വാഹനം ഓടിച്ചു കയറ്റുന്നതാണ് നമ്മുടെ രീതി. വിദേശരാജ്യങ്ങളില്‍ ഇത് നടക്കില്ല. നമ്മുടെയും റോഡിലുള്ളവരുടെയും ജീവിതം വച്ചാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവര്‍ കളിക്കുന്നതെന്ന് ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു.