കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ മഴവെള്ളം ഇനി പാഴാകില്ല.വരള്‍ച്ചയെ പ്രതിരോധിക്കാനും, കാര്‍ഷികാവശ്യത്തിനും മഴവെള്ള സംരക്ഷണത്തിനുമായി കാറഡുക്ക ഗ്രാമപഞ്ചായത്തില്‍  20 കാര്‍ഷിക  കുളങ്ങള്‍ അനുവദിച്ചു. ഇതില്‍ നാല് കുളങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. ആറ് കുളങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. പണിയ, മുണ്ടോള്‍ , മൂടാംകുളം, കുണ്ടാര്‍, കൊട്ടംകുഴി, ബേര്‍ളം എന്നീ സ്ഥലങ്ങളിലാണ്  കുളങ്ങള്‍ നിര്‍മ്മിക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് കുളങ്ങള്‍ കുഴിക്കുന്നത്. ഇനി പത്ത് കുളം  കൂടി പഞ്ചായത്തില്‍ ഉടന്‍  കുഴിക്കും. ചുരുങ്ങിയത് നാല് മീറ്റര്‍ നീളം, മൂന്ന് മീറ്റര്‍ വീതി , ആറ് മീറ്റര്‍ താഴ്ച എന്ന അളവിലാണ് കുളങ്ങള്‍ നിര്‍മ്മിക്കുന്നത്.പരമാവധി എട്ട് മീറ്റര്‍ നീളം, ഏഴ് മീറ്റര്‍ വീതി, പത്ത് മീറ്റര്‍ താഴ്ച എന്ന അളവിലും കുളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

ഇത്തരത്തില്‍ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ മഴവെള്ളം പരമാവധി സംരക്ഷിക്കപ്പെടുന്നു. ഭൂമിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങുന്നതിന് കുളം സഹായകരമാവുന്നു. അതുവഴി ഭൂഗര്‍ഭ ജല സംരക്ഷണം സാധ്യമാകും. ഇത് വരള്‍ച്ചയെ ഒരു പരിധി വരെ പ്രതിരോധിക്കുകയും സമീപ പ്രദേശത്തിലെ കിണറുകളില്‍ ജല നിരപ്പ് ഉയര്‍ത്തുന്നതിനും കാരണമാകുന്നു.

കുളത്തിലെ ജലം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും .കുളങ്ങളുടെ ആവശ്യകതയെ കുറിച്ച് പഞ്ചായത്ത്  അധികൃതര്‍  നേരത്തെ തന്നെ പൊതുജനത്തെ ബോധവത്കരിച്ചിരുന്നു.  കുളങ്ങളുടെ നിര്‍മാണത്തിന് എല്ലാവിധ സഹായവും നല്‍കി പഞ്ചായത്തിനോടൊപ്പം  ബ്ലോക്ക് പഞ്ചായത്തും ഉണ്ട്.