കടപ്രയിലെ സീറോ ലാന്‍ഡ്‌ലെസ് കോളനിയിലെ 12 ലൈഫ് വീടുകള്‍ പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്.
ഇത് ഒഴിവാക്കുന്നതിന് എട്ട് അടി മുതല്‍ പത്തടി വരെ ഉയരമുള്ള തൂണുകളിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹാളും രണ്ട് കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന ഈ വീടുകള്‍ ഏഴ് ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ നല്‍കുന്ന നാലു ലക്ഷംരൂപ കൂടാതെ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) എന്ന സംഘടന നല്‍കുന്ന ഒന്നരലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കുന്ന ഒന്നരലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രളയത്തെ അതിജീവിക്കുന്ന മനോഹരമായ വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. തണലിന്റെ പ്രവര്‍ത്തകരാണ് ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ഈ പ്രദേശത്ത് ഫോമയും തണലും ചേര്‍ന്ന് നിര്‍മിക്കുന്ന 20 വീടുകളും റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന 15 വീടുകളും ചേര്‍ത്ത് സാമൂഹ്യ സാമ്പത്തിക ഉപജീവന സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ ഭവന സമുച്ചയം വികസിപ്പിക്കാനും ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ അറിയിച്ചു.