പത്തനംതിട്ട: ജില്ലാ അഗ്നി സുരക്ഷാ സേനയ്ക്കു പുതുതായി അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാട്ടര്‍ ബൗസര്‍ പത്തനംതിട്ട ഫയര്‍സ്റ്റേഷനില്‍ വീണാ ജോര്‍ജ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനങ്ങള്‍ക്ക് അഗ്നി രക്ഷാവകുപ്പിന്റെ സഹായത്തോടെ നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് എംഎല്‍എ പറഞ്ഞു.
കുടുംബശ്രീ, പഞ്ചായത്ത് എന്നിവയെ ഉള്‍പ്പെടുത്തി വകുപ്പിന്റെ കമ്മ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ പദ്ധതി വിപുലമാക്കുമെന്നും എംഎല്‍എ പറഞ്ഞു. ഫ്‌ളാഗ് ഓഫിന് ശേഷം വാട്ടര്‍ ബൗസറിന്റെ പ്രവര്‍ത്തന പ്രദര്‍ശനം നടന്നു.
പ്രളയാനന്തരം പത്തനംതിട്ട അഗ്നിരക്ഷാ സേനയ്ക്കായി വാട്ടര്‍ ബൗസറിന്  പുറമേ സ്‌കൂബാ വാന്‍, മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍ എന്നിവ ലഭിച്ചിരുന്നു.
സാധാരണ ഫയര്‍ ടെണ്ടറുകളേക്കാള്‍ മൂന്നു മടങ്ങ് വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വാട്ടര്‍ ബൗസര്‍. ഒരേ സമയം നാല് ഡെലിവറി ഔട്ട്ലറ്റുകള്‍ പ്രവൃത്തിപ്പിക്കുവാന്‍ ഇവയ്ക്ക് കഴിയും. ഇത് വന്‍ അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളിലെ രക്ഷാ പ്രവൃത്തനം സുഗമമാക്കും.
11500 ലിറ്റര്‍ വെള്ളത്തിനു പുറമേ 700 ലിറ്റര്‍ ഫോം ഉള്‍ക്കൊള്ളുന്ന ടാങ്കും വാഹനത്തിലുണ്ട്. ഇതിനു പുറമേ വാഹനത്തിന്റെ വശങ്ങളിലുള്ള ലോക്കറുകളില്‍ വിവിധ ഹോസുകള്‍, ബ്രാഞ്ചുകള്‍, ഫയര്‍ എക്റ്റിംഗ്യുഷറുകള്‍, ഡോര്‍ ബ്രേക്കര്‍, മള്‍ട്ടി പര്‍പ്പസസ്നോസില്‍, ഹൈഡ്രോളിക്ക് ജാക്കി, തുടങ്ങിയവയും സജീകരിച്ചിട്ടുണ്ട്.