മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം,ദുരിതാശ്വാസനിധി എന്നിവയുമായി ബന്ധപ്പെട്ട പോര്‍ട്ടലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും, അക്ഷയജീവനക്കാര്‍ക്കും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഏറ്റവും അവശതയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അപകടമരണം, ചികില്‍സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കാരുണ്യപ്രവര്‍ത്തിയായി മനസിലാക്കി  പ്രത്യേക പരിഗണന നല്‍കണെമന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷകരുടെ വിശദാംശങ്ങളുടെ ഡേറ്റാ എന്‍ട്രി ചെയ്യുന്നതില്‍ പിഴവുണ്ടാകാന്‍ പാടില്ല. ഡേറ്റാ എന്‍ട്രിയിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്  തടസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.