കൊല്ലം: പൊതുജനസൗഹൃദവും വേഗതയാർന്ന മികച്ച സേവനങ്ങളും ഉറപ്പാക്കി മികച്ച ഗുണനിലവാരത്തിലേക്ക് ഉയരുകയാണ് തെന്മല ഗ്രാമപഞ്ചായത്ത്. ഐ എസ് ഒ സർട്ടിഫിക്കേഷന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയാണ് ഇവിടെ മികവിന്റെ മാതൃക തീർക്കുന്നത്.

പൗരാവകാശ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുകയാണ് ഐ എസ് ഒ സർട്ടിഫിക്കേഷൻ വഴി ലക്ഷ്യമാക്കുന്നത്. ജനസൗഹൃദ പ്രവർത്തന സംവിധാനം ഒരുക്കുകയാണ് ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള ആദ്യ നിബന്ധന.

ഗ്രാമപഞ്ചായത്തിൽ എത്തുന്നവർക്ക് സംശയനിവാരണത്തിനായി ഫ്രണ്ട് ഓഫീസ് സൗകര്യം ഏർപ്പെടുത്തി. പഞ്ചായത്ത് ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ അടങ്ങുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വഴി ലഭ്യമാകുന്ന സേവനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ബോർഡും ഇവിടെയുണ്ട്.

അതിവേഗം ഫയലുകൾ കണ്ടെത്തി സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്നതും ഐ എസ് ഒ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തുന്നതിന്റെ പ്രത്യേകതയാണ്. റെക്കോർഡ് റൂമും സജ്ജീകരിച്ചാണ് ഓഫീസ് പ്രവർത്തനം സുഗമമാക്കിയത്. ഫയലുകൾ നമ്പറിട്ട് വർഷം കണക്കാക്കി ക്രമത്തിൽ തരംതിരിച്ചാണ് റെക്കോർഡ് റൂമിൽ സൂക്ഷിക്കുന്നത്. ഓഫീസ് പ്രവർത്തനങ്ങൾ എല്ലാം കമ്പ്യൂട്ടർവത്ക്കരിക്കുകയും ചെയ്തു.

ശുദ്ധമായ കുടിവെള്ളം, വൃത്തിയായ ഇരിപ്പിടങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ശുചിമുറികൾ, ഫീഡിങ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
2017-18 ലെ പദ്ധതി വിഹിതം നൂറു ശതമാനം വിനിയോഗിച്ചതിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരവും തെന്മല ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും ഉന്നത ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് തെന്മല ഗ്രാമപഞ്ചായത്ത് നവീകരിക്കുന്നതെന്ന് പ്രസിഡന്റ് ആർ ലൈലജ പറഞ്ഞു.