ജില്ലയില്‍ ഇന്നലെ പുതിയ എച്ച്1 എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. എട്ടു പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഓച്ചിറ, ശൂരനാട്, മാങ്കോട് പ്രദേശങ്ങളിലാണ് ഡങ്കുപ്പനി കണ്ടെത്തിയത്.  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും കൂടുതല്‍ സജീമാക്കി. തൃക്കോവില്‍വട്ടത്ത് ഡെങ്കിപനി, എച്ച്1 എന്‍1 ബാധിച്ച് കുട്ടി മരണപ്പെട്ട കണ്ണനല്ലൂര്‍ വടക്കേമുക്കില്‍ 200 ല്‍പരം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പ് നടന്നു.

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്,   പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ന• ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലാണ് ചികിത്സാ ക്യാമ്പ് നടന്നത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടവരുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു.

ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. പനി നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെന്നും കലക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മരണപ്പെട്ട ആരുണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍  കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫോഗിങും  ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.ജൂലൈ 27ന്‌ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ പ്രതേ്യക അവലോകന യോഗം ചേരും. പ്രദേശത്തെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ചികിത്സാ മാര്‍ഗരേഖകള്‍ നല്‍കി. ആരുണി പഠിച്ച എഴുകോണ്‍ ശ്രീ ശ്രീ അക്കാഡമി സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സമീപ പഞ്ചായത്ത നെടുമ്പനയിലും പ്രതേ്യക മെഡിക്കല്‍ ക്യാമ്പ് നടത്തി.  ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുവരെ എന്നുള്ളത് വൈകിട്ട് നാലുവരെ നീട്ടിയതായി ഡി എം ഒ അറിയിച്ചു.