പി എം എ വൈ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണത്തില്‍ കേരള സര്‍ക്കാരും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാജ്യത്തിന് മാതൃകയാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം. പി എം എ വൈ  നടത്തിപ്പിനെ കുറിച്ച് പഠിക്കാന്‍  പതിനഞ്ചംഗ സംഘമാണ് ജില്ലയില്‍ എത്തിയത്.

പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് സംഘാംഗങ്ങളുടെ പ്രതികരണം.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വീടുകള്‍ക്ക് അനുവദിക്കുന്ന തുക, വീടുകളുടെ ഗുണന്മേ
, വിസ്തൃതി എന്നിവയില്‍ കേരളം ഏറെ മുന്നിട്ടു നില്‍ക്കുന്നതായി അവര്‍ പറഞ്ഞു .
മഹാരാഷ്ട്രയിലെ ഗ്രാമവികസന വകുപ്പിലെ  അഞ്ച് ഐ എ എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് ജില്ലയില്‍ എത്തിയത്.

ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍,  ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ഓഫീസര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സിന്ധുദുര്‍ഗ്  ജില്ലാ  പഞ്ചായത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മലയാളിയായ കെ. മഞ്ജു ലക്ഷ്മി ഐ. എ. എസും സംഘത്തിലുണ്ടായിരുന്നു. ഹരിപ്പാട് സ്വദേശിനി യാണ് മഞ്ജു ലക്ഷ്മി.

ജില്ലയില്‍ നടക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എത്തിയിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ബി ഡി ഒ എസ്. ശരത്ചന്ദ്ര കുറുപ്പ്  എന്നിവരുടെ നേതൃത്വത്തില്‍    ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍   സംഘത്തെ സ്വീകരിച്ചു.

ജില്ലയിലെ പി. എം. എ.വൈ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി. കെ സയൂജ  സംഘാംഗങ്ങളോട് വിശദീകരിച്ചു.  സംസ്ഥാനത്തെ  മിഷനുകളില്‍ പ്രധാനപ്പെട്ട ലൈഫ് മിഷന്റെ  പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മിച്ചുനല്‍കിയ ചാത്തന്നൂര്‍ കോഷ്ണക്കാവിലെ ചിഞ്ചു ചെല്ലപ്പന്റെ  വീട് സംഘം സന്ദര്‍ശിച്ചു. മണ്‍ട്രോത്തുരുത്തിലെ പി.എം.എ.വൈ  പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളും നോക്കിക്കണ്ടു. ജില്ലയിലെ പി.എം.എ.വൈ പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മഹാരാഷ്ട്ര സംഘത്തിനായി  പ്രദര്‍ശിപ്പിച്ചിരുന്നു.