ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ അതു സ്വീകരിക്കുകയായിരുന്നു സദസ്സ്. തേവന്നൂര്‍ സര്‍ക്കാര്‍ എല്‍. പി. സ്‌കൂളില്‍ തീര്‍ത്ത പുതിയ കെട്ടിടത്തിന് ശിലയിട്ട മന്ത്രി തന്നെ ഉദ്ഘാടനവും നിര്‍വഹിച്ചപ്പോള്‍ വാക്കു പ്രവൃത്തിയും രണ്ടല്ല എന്ന് തിരിച്ചറിയുകയായിരുന്നു ഇവിടെ എത്തിയ ഓരോരുത്തരും.
1.36 കോടി രൂപ ചെലവിട്ടാണ് എട്ടു ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. അസഹിഷ്ണുതയും വിഭാഗീയ പ്രവര്‍ത്തനങ്ങളും നടത്തുന്ന പുതിയ പ്രവണതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച സഹായകമാകും എന്ന തിരിച്ചറിവിലാണ് എല്ലാ സ്‌കൂളുകളും നവീകരിക്കുന്നത്.
ഭൗതിക സാഹചര്യത്തിനൊപ്പം മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ്. ഏകോദരസഹോദരങ്ങളായി കഴിയാനുള്ള സാഹചര്യമാണ് വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ വഴി സാധ്യമാക്കുന്നത്.
5,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളുടെ നവീകരണത്തിനായി നടത്തുന്നത്. എല്ലാ സ്‌കൂളുകളും മികച്ചതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും മന്ത്രി വ്യക്തമാക്കി.
ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി. ഗിരിജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സി. പുഷ്പ കുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പി. വി. മിനിമോള്‍, ഹെഡ്മാസ്റ്റര്‍ എം.എം. ശിവശങ്കരപ്പിള്ള, പി. ടി. എ പ്രസിഡന്റ് പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.