ഒരു നാലുകെട്ടിന്റെ തലയെടുപ്പുണ്ടായിരുന്ന പഴയ സ്‌കൂള്‍. കോട്ട് ധരിച്ച ഹെഡ്മാസ്റ്റര്‍ പരമേശ്വരന്‍പിള്ള വരാന്തയിലൂടെ ഉലാത്തുന്നതും സംഗീതവും ചിത്രകലയുമൊക്കെയുള്ള ക്ലാസുകള്‍ നടക്കുന്നതും പഴയ കൂട്ടുകാരുമൊത്തുള്ള കളികളുമൊക്കെ 93 കാരനായ ചൂരപൊയ്ക ചെറുശ്ശേരിയില്‍ ഗീവര്‍ഗീസ് ഓര്‍ത്തെടുത്ത് പറയുമ്പോള്‍ കാതോര്‍ത്ത് പുതിയ തലമുറയിലെ കുട്ടികള്‍. ഏഴര പതിറ്റാണ്ട് മുന്‍പ് താന്‍ പഠിച്ചിറങ്ങിയ സ്‌കൂളിലേക്കുള്ള മടങ്ങിവരവ് ആവേശഭരിതനാക്കുന്നുവെന്ന് പറയുമ്പോള്‍ ഗീവര്‍ഗീസിന്റെ മുഖത്ത് തെളിഞ്ഞത് ബാല്യകാലം.

ചാത്തന്നൂര്‍ ഗവ. എല്‍ പി എസ്സിന്റെ ശതാബ്ദി ആഘോഷ ചടങ്ങാണ് നൂറ്റാണ്ടിന്റെ ഓര്‍മപെരുമയുടെ കെട്ടഴിക്കലിന് വേദിയായത്. പന്ത്രണ്ട് പൂര്‍വ അധ്യാപകരെയും ഏറ്റവും മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥിയേയും ആദരിച്ചുകൊണ്ട് തുടങ്ങിയ ആഘോഷം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. അയിത്തവും അനാചാരങ്ങളും കൊടികുത്തിവാണ ഒരു കാലത്ത് മാനവികതയുടെ പ്രതീകമായി ഉയര്‍ന്ന വിദ്യാലയമാണ് ചാത്തന്നൂര്‍ ഗവ. എല്‍ പി എസ് എന്ന് മന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വിദ്യ സ്വായത്തമാക്കാന്‍ കഴിഞ്ഞത് ഇത്തരം വിദ്യാലയങ്ങളിലൂടെ ആണ്. ജാതീയമായ വേര്‍തിരിവുകളെ തച്ചുതകര്‍ത്ത് മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സന്ദേശം നല്‍കാനും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ച പാദമുദ്ര എന്ന സ്മരണികയും മന്ത്രി പ്രകാശനം ചെയ്തു.

ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ഷൈജു വി, എ സുരേഷ്, ഷറഫുദ്ദീന്‍, ആര്‍ ജയലക്ഷ്മി, പ്രിന്‍സിപ്പല്‍മാരായ പി ബിന്ദു, ശാലിനി കെ ശശി, പ്രധാന അധ്യാപകരായ ശശികല ആര്‍, ജി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.