കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുടക്കമായി.
മഴ മാറി നിന്നെങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ അല്‍പം വൈകിയാണ് മത്സരം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി റഷ്യന്‍ സ്വദേശി ഇവാന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ആശിഷ് റാവത്ത്, നയന്‍ പാണ്‌ഡെ് എന്നിവര്‍ പങ്കെടുത്ത പ്രദര്‍ശന മത്സരം നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കയാക്കിംങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ നാഷണല്‍ കയാക്കിംഗ് മീറ്റില്‍ ജേതാവാണ് ആശിഷ് റാവത്ത്.