ലോക ജനസംഖ്യാദിന പക്ഷാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല സെമിനാര്‍ അടിമാലിയില്‍ നടന്നു.അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു ലോക ജനസംഖ്യാദിന പക്ഷാചരണത്തിന്റെ ഭാഗമായുള്ള സെമിനാര്‍ സംഘടിപ്പിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യം,ആവശ്യകത,ലൈംഗിക വിദ്യാഭ്യാസം,കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യം മുമ്പോട്ട് വയ്ക്കുന്ന പോസ്റ്ററുകളുടെ പ്രദര്‍ശനം നടന്നു.
വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണവും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.ഡോ.സുജിത് സുകുമാരന്‍ ജനസംഖ്യാദിന സന്ദേശം നല്‍കി.ഡോ.സ്മിത കെ റ്റി  ആരോഗ്യബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജോസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ പ്രിയ, ഡോ.സുരേഷ് വര്‍ഗ്ഗീസ്,ഡോ.ഷാരോണ്‍ ജോര്‍ജ്ജ് മാമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.