വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസ വകുപ്പ്  മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. പാഠ്യപാഠ്യേതര നേട്ടങ്ങളുടെ അംഗീകാരമായി സംസ്ഥാന ആഭ്യന്തരവകുപ്പ് സ്‌കൂളില്‍ അനുവദിച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നാലു മാസത്തിനുള്ളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പരമാവധി  ക്ലാസുകളും ഹൈടെക്ക് ആവും. ഇതിലൂടെ കേരളത്തിന് ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വിജയം സര്‍ക്കാരിന്റെ മാത്രം വിജയമല്ല ജനങ്ങളുടെ വിജയമാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക്  കുട്ടികള്‍ എത്തുന്നതാണ് ഈ വിജയത്തിന് കാരണം. ജനകീയതയും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകുന്നതിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. സാമൂഹിക സേവന മേഖലകളിലും ആരോഗ്യ-വ്യക്തിത്വ-വികസന തലങ്ങളിലും ബദ്ധശ്രദ്ധരായ ഒരുപറ്റം വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ എസ്പിസി യൂണിറ്റിലൂടെ കഴിയട്ടെയെന്നും അദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് മുഖ്യപ്രഭാഷണം നടത്തി. എസ്പിസി നോഡല്‍ ഓഫീസര്‍ ആര്‍ പ്രദീപ്കുമാര്‍ എസ്പിസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.