* എൻ.എസ്.എസ് സംസ്ഥാന വാർഷികസംഗമവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു

വിവിധ മേഖലകളിലെ ജനസേവനപ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ഹൃദയത്തിലാണ് നാഷണൽ സർവീസ് സ്‌കീമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ സർവീസ് സ്‌കീമിന്റെ സംസ്ഥാന വാർഷിക സംഗമവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങളിൽ നിസ്വാർഥ ഇടപെടലും സേവനമനോഭാവവും വളർത്തുന്നതിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് എൻ.എസ്.എസ് നടത്തുന്നത്. മനസ്സ് നന്നാകട്ടെ എന്ന എൻ.എസ്.എസിന്റെ ഗാനം തന്നെ ഏറ്റവും പ്രസക്തമായ കാലഘട്ടമാണിത്. മനസ്സ് നന്നായാൽ ജീവിതവീക്ഷണത്തെതന്നെ സ്വാധീനിക്കുകയും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ജീവിതം നയിക്കാനാവുകയും ചെയ്യും. മതനിരപേക്ഷ വീക്ഷണം ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും ഈ സന്ദേശം ഉയർത്തിപ്പിടിക്കുന്നതു.

സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന എൻ.എസ്.എസ് നേതൃത്വപരിശീലനം, ജലസംരക്ഷണം, ഇൻറഗ്രേറ്റഡ് ഫാമിംഗ്, ഹരിതപെരുമാറ്റച്ചട്ടം തുടങ്ങിയ മേഖലകളിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രളയദുരന്തസമയത്ത് മികച്ച രീതിയിൽ സഹായമെത്തിക്കാൻ എൻ.എസ്.എസ് വോളന്റിയർമാർക്കായി. ‘ഹോം ഫോർ ഹോംലെസ്’ എന്ന വീട് നിർമാണത്തിനുള്ള മാതൃകാപരമായ പദ്ധതിയിലൂടെ വീട് നിർമിക്കുന്ന സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും നിങ്ങൾ മാനിക്കപ്പെടുകയാണ്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും സഹായം ലൈഫ് മിഷനിൽ വീടുനിർമാണത്തിനും ഗുണപരമായി ഉപയോഗിക്കുന്നുണ്ട്.

ഐക്യവും അച്ചടക്കവും സേവനസന്നദ്ധതയും കൈമുതലാക്കി മറ്റുള്ളവർക്ക് ഉപകരിക്കുന്ന ജീവിതമാക്കി മാറ്റിയെടുക്കാനാണ് എൻ.എസ്.എസ് ഇടപെടലുകളിലൂടെ സാധിക്കുന്നത്. യുവജനങ്ങൾക്ക് പ്രചോദനമാകാനും ഈ പ്രവൃത്തികൾ വഴിവെക്കുന്നു. വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച സേവനം, സന്നദ്ധത, സഹിഷ്ണുത തുടങ്ങിയ ആശയങ്ങളുമായാണ് എൻ.എസ്.എസ് മുന്നോട്ടുപോകേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. മതേതരപാരമ്പര്യം ഉയർത്തിപ്പിടിക്കാൻ കഴിയുംവിധം മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻറ് ഡയറക്ടർ ഡോ. സിസാ തോമസ്, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.പി. സജിത്ബാബു, കെ.ടി.യു എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. ജോയ് വർഗീസ്, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജയമോഹൻ, പി.ടി.എ വൈസ് പ്രസിഡന്റ് സലിം മറ്റപ്പള്ളി, പ്രോഗ്രാം ഓഫീസർ അഭിലാഷ് വി. നായർ തുടങ്ങിയവർ സംബന്ധിച്ചു.