ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നു. ജലസേചനം, ജല അതോറിട്ടി, ഭൂഗര്‍ഭജലം, ജലനിധി തുടങ്ങി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം വിലയിരുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ നിലവില്‍ ഈ ഓഫീസുകള്‍ക്ക് കഴിയുന്നുണ്ടോയെന്നും പരിശോധിക്കും. ആവശ്യമായ തുടര്‍നടപടി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് വകുപ്പുതലത്തില്‍ പരിശോധിക്കുകയും ചെയ്യും. ഇതോടൊപ്പം വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
കോട്ടയം ജില്ലയിലാണ് ആദ്യപര്യടനം.

തിങ്കളാഴ്ച (29/07/2019) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കളക്ടറേറ്റിലാണ് അവലോകന യോഗം നടക്കുന്നത്. ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യേഗാസ്ഥര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് മീനച്ചിലാര്‍-മീന്തറയാര്‍ ലിങ്ക് കനാല്‍ ലിഫ്ട് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് നാലിന് പറത്തോടില്‍ ജലനിധിയുടെ ചടങ്ങിലും പങ്കെടുക്കും. 4.30 ന് ഇന്‍ഫാം പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

പത്തനംതിട്ട ജില്ലയിലാണ് മന്ത്രിയുടെ അടുത്ത സന്ദര്‍ശനം. ഓഗസ്റ്റ് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രവര്‍ത്തന അവലോകനയോഗം നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും അവലോകന യോഗങ്ങള്‍ നടത്തും.