ഇപ്പോഴുള്ള വീഴ്ചകള്‍ പരിഹരിച്ച് മൂന്ന് മാസത്തിനകം കല്ലട ഇറിഗേഷന്‍ പ്രൊജക്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കല്ലട ജലസേചന പദ്ധതിയുടെയും ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ നേരില്‍ വിളിച്ചുവരുത്തിയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.

മന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി കഴിഞ്ഞദിവസം അവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കണ്ടെത്തിയ അപാകതകളാണ് എത്രയും വേഗം പരിഹരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 59,000 ഹെക്ടര്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് വേനല്‍കാലത്ത് കൃഷിക്ക് ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഈ ലക്ഷ്യം വിപുലീകരിക്കുകയും കൂടുതല്‍ വിളകള്‍ക്ക് ജലസേചനസൗകര്യം ലഭ്യമാക്കുകയും വേണം.

ഇതിനായി കൃഷി വകുപ്പുമായി ആലോചിച്ച് പുതിയ ജലസേചനത്തിനുള്ള പദ്ധതി തയ്യാറാക്കണം. ഏതൊക്കെ പ്രദേശത്ത്, ഏതൊക്കെ വിളകള്‍ക്ക് പുതുതായി ജലം ലഭ്യമാക്കാം എന്നത് കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഡാം പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ഉടന്‍ നടപടി വേണം. ശുചിമുറിയും തെരുവുവിളക്കും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നടപടിയുണ്ടാവണം. ക്വാര്‍ട്ടേഴ്‌സ് പരിസരത്തുനിന്നും 2008 മുതല്‍ സാധനങ്ങള്‍ മോഷണം പോകുന്നുണ്ട്.

പോലീസില്‍ പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും നടപടിയെന്നും ഉണ്ടായതായി കാണുന്നില്ല. അതിനാല്‍ ഈ കേസുകളുടെ എല്ലാം വിവരം ഉള്‍പ്പെടുത്തി, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പുതിയ പരാതി നല്‍കാന്‍ ചീഫ് എന്‍ജിനീയറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭാ സമിതിക്ക് സമര്‍പ്പിക്കാനായി അടുത്ത ദിവസംതന്നെ നല്‍കണമെന്നും ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടു. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.