സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ നിർമ്മാണ പ്രവർത്തികളുടെ വയനാട് ജില്ലാതല ഉദ്ഘാടനം വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. കമ്പളക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനായാണ് വയനാട് ജില്ലയ്ക്കു നൽകുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 5000 കോടിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ജില്ലയിൽ തുടക്കം കുറിച്ചത്. പ്രളയാനന്തര പുനർനിർമ്മാണത്തിനായി 50 ശതമാനം തുകയും സർക്കാർ വിനിയോഗിച്ചത് വയനാട്, ഇടുക്കി ജില്ലകൾക്കു വേണ്ടിയാണ്. മലയോര ഹൈവേ പദ്ധതി ജില്ലയുടെ അടിസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാവും. വയനാട് റെയിൽവേ യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വയനാട് പോലുള്ള ജില്ലകളിൽ കേന്ദ്രസർക്കാർ കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരത്തിൽ ഓരോ കിലോ മീറ്റർ റോഡും മൂന്നര കോടി ചെലവിൽ നിർമ്മിക്കും. 10 കിലോ മീറ്റർ കൂടുതൽ ദൂരമുള്ള റോഡുകൾ 100 കോടി ചെലവിൽ അത്യാധൂനികമായി ഡിസൈൻ ചെയ്തു നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി സൂചിപ്പിച്ചു.

മാനന്തവാടി ബോയിസ് ടൗണിൽ നിന്നും ആരംഭിച്ച് ജില്ലയുടെ അതിർത്തിയായ അരണപ്പുഴ വരെ ആകെ 90 കിലോമീറ്ററിലാണ് മലയോര ഹൈവേ പദ്ധതി. മാനന്തവാടി നിയോജക മണ്ഡലത്തിൽ സർവ്വേ പൂർത്തിയായിട്ടുണ്ട്. ഇതിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ അവശേഷിക്കുന്ന 16.75 കിലോ മീറ്റർ ദൂരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രി തുടക്കം കുറിച്ചത്. കൽപ്പറ്റ നിയോജക മണ്ഡലത്തിലൂടെ 41.75 കിലോ മീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ വ്യാപിച്ചു കിടക്കുന്നത്. ഇതിൽ മാനന്തവാടി-കൽപ്പറ്റ റോഡിലെ പച്ചിലക്കാട് മുതൽ കമ്പളക്കാട് വരെയുള്ള 5.10 കിലോ മീറ്ററും കൽപ്പറ്റ-മേപ്പാടി റോഡും മുമ്പ് ബജറ്റിൽ ഉൾപ്പെടുത്തി പൂർത്തികരിക്കുകയും മേപ്പാടി-ചൂരൽമല റോഡിന്റെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിൽ മലയോര ഹൈവേയുടെ ഭാഗമായി കമ്പളക്കാട് മുതൽ കൈനാട്ടി വരെയുള്ള 6.20 കിലോ മീറ്ററും, 3.80 കിലോ മീറ്റർ വരുന്ന കൽപ്പറ്റ ബൈപ്പാസും, കോഴിക്കോട്-വൈത്തിരി-ഗുഡല്ലൂർ റോഡിന്റെ കാപ്പംകൊല്ലി മുതൽ മേപ്പാടി ടൗണിലെ ചൂരൽമല റോഡ് ജംഗ്ഷൻ വരെയുള്ള 2.25 കിലോ മീറ്ററും 4.50 കിലോ മീറ്റർ വരുന്ന ചൂരൽമല-അരണപ്പുഴ റോഡുമാണ് മലയോര ഹൈവേയുടെ ഭാഗമായി വികസിപ്പിക്കുക. കിഫ്ബിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾക്കായി സർക്കാർ 57.78 കോടിയുടെ സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട്. ആർ.എസ് ഡെവലപ്പ്‌മെന്റ് ആൻഡ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഒന്നര വർഷത്തേക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. റോഡിന്റെ നിലവിലെ വീതി ഒൻപത് മീറ്ററായി വർധിപ്പിക്കുകയും ഉപരിതലം ബലപ്പെടുത്തുകയും ചെയ്യും. കൂടാതെ ചൂരൽമല-അരണപ്പുഴ റോഡ് പുതുതായി നിർമ്മിക്കുന്നതിനും കൽപ്പറ്റ ബൈപ്പാസ് റോഡ് നാലുവരി പാതയാക്കുന്നതിനും പ്രധാന അങ്ങാടികളായ ചൂരൽമല, മേപ്പാടി എന്നിവയുടെ നവീകരണവും റോഡ് സുരക്ഷ ജോലികളും മറ്റ് അനുബന്ധ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ വി.വി ബിനു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.