* നെതർലാൻഡ്സ്  അംബാസഡറും സംഘവും മന്ത്രി വി. എസ്. സുനിൽകുമാറിനെ സന്ദർശിച്ചു

കേരളത്തിലെ കാർഷിക മേഖലയിൽ സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് നെതർലൻഡ്സിന്റെ പിന്തുണ. വയനാട് അമ്പലവയലിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്സലൻസിലുൾപ്പെടെയുള്ള സഹകരണം സംബന്ധിച്ച് നെതർലാൻഡ് അംബാസഡർ മാർട്ടെൻ വാൻഡെൻ ബെർഗ് കൃഷിമന്ത്രി വി. എസ്. സുനിൽകുമാറിനെ സന്ദർശിച്ച വേളയിൽ ചർച്ചചെയ്തു.

നെതർലാൻഡ്സ് രാജാവ് വില്യം അലക്സാണ്ടറിന്റേയും രാജ്ഞി മാക്സിമയുടേയും കേരളസന്ദർശനത്തിനു മുന്നോടിയായാണ് അംബാസിഡറും സംഘവും മന്ത്രിയെ സന്ദർശിക്കാനെത്തിയത്.

കാർഷികരംഗത്ത് നെതർലാൻഡ്സ് പ്രയോജനപ്പെടുത്തുന്ന ഒട്ടേറെ സാധ്യതകളെ കേരളത്തിലും ആവിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. വാഴപ്പഴം കേടുകൂടാതെ സൂക്ഷിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള മാതൃകകൾ അവലംബിക്കാൻ പദ്ധതിയുണ്ട്. ഫ്ളോറികൾച്ചർ, ഹോർട്ടികൾച്ചർ മേഖലയിലുള്ള പിന്തുണ, അഗ്രോ ഇക്കോളജിയിലെ സാധ്യതകൾ എന്നിവയിൽ സഹകരണത്തിന് ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. പൂകൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപണനത്തിനുള്ള ലേലകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നെതർലാൻഡ്സിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത് സംബന്ധിച്ചും  ചർച്ച ചെയ്തു. കാർഷികരംഗത്ത് ഉഭയകക്ഷി സഹകരണം സംബന്ധിച്ച വിശദമായ ചർച്ചകൾക്കായി നെതർലാൻഡ്സ് ഉന്നതതലസംഘം ഒക്ടോബർ മാസം കേരളം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാംഗ്ലൂർ കൊൺസിൽ ജനറൽ ജെർട്ട് ഹൈജ്കൂപ്പ്, ധനകാര്യ കൗൺസിലർ ജൂസ് ജൈജർ, ഡെപ്യൂട്ടി കൗൺസിൽ ജനറൽ ഹൈൻ ലാഗ്വീൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കൃഷിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, ഡയറക്ടർ രത്തൻ യു. കേൽകർ, പി. രാജശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.