* നെതർലാൻഡ്സ്  അംബാസഡറും സംഘവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ  സന്ദർശിച്ചു

സംസ്ഥാന പുരാരേഖവകുപ്പിന്റെ ശേഖരത്തിലുള്ള അത്യപൂർവ്വമായ ഡിജിറ്റൽരേഖകളുടെ പകർപ്പുകളും നെതർലാൻഡ്സിലെ കേരളസംബന്ധിയായ രേഖകളുടെ പകർപ്പുകളും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നെതർലൻഡ്സ് പ്രതിനിധി സംഘവുമായി പുരാരേഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചർച്ച നടത്തി.

കേരള സർക്കാരും നെതർലാൻഡ്സും തമ്മിലുള്ള സാംസ്‌കാരിക പൈതൃക പദ്ധതിയുടെ ഭാഗമായി അംബാസഡർ മാർട്ടെൻ വാൻഡെൻ ബെർഗും സംഘവും മന്ത്രിയെ സന്ദർശിച്ചപ്പോഴാണ് ചർച്ച നടന്നത്. രേഖകളുടെ ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആർക്കൈവ്സിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും തുറമുഖങ്ങളുടെ വികസനത്തിലെ സഹകരണം സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

വകുപ്പിന്റെ പക്കലുള്ള ഡച്ചുകാരും കൊച്ചി രാജാവും തമ്മിലുണ്ടാക്കിയ 1663 എ. ഡി. യിലെ ഉടമ്പടി സംബന്ധിച്ച ചെപ്പേട്, ഡച്ച് ആൽബം രേഖകൾ എന്നിവ സംഘം നേരിട്ടു കണ്ടു.
സാംസ്‌കാരിക പൈതൃക പദ്ധതിയിലെ സഹകരണം സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലാൻഡ്സ് സന്ദർശന വേളയിൽ പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.

ബാംഗ്ലൂർ കൗൺസൽ ജനറൽ ജെർട്ട് ഹൈജ്കൂപ്പ്, ധനകാര്യ കൗൺസിലർ ജസ് ജൈജർ, ഡെപ്യൂട്ടി കൗൺസിലർ ജനറൽ ഹൈൻ ലാഗ്വീൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു വി., തുറമുഖവകുപ്പ്  സെക്രട്ടറി സഞ്ജയ് കൗൾ, ആർക്കൈവ്സ് ഡയറക്ടർ ജെ. രജികുമാർ, അഡീ. സെക്രട്ടറി ഗീത, വിഴിഞ്ഞം തുറമുഖ കമ്പനി എം. ഡി. ഡോ. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.