കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ സംസ്ഥാനതല നോഡൽ ഓഫീസറായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ നിയോഗിച്ചു. അതത് ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോകളിലെ ഡിവൈ.എസ്.പി അഥവാ അസിസ്റ്റന്റ് കമ്മീഷണർ ജില്ലാ തലത്തിലെ നോഡൽ ഓഫീസറായിരിക്കും. പോലീസ് സ്റ്റേഷൻ തലത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കായിരിക്കും നോഡൽ ഓഫീസറുടെ ചുമതല.
കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൈബർ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന് രൂപം നൽകിയത്.
സൈബർ കുറ്റകൃത്യങ്ങളുടെ ഓൺലൈൻ റിപ്പോർട്ടിംഗ്, പരാതികൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനിലേയ്ക്ക് സ്വയം അയച്ചുകൊടുക്കൽ, പരാതികളുടെ നിലവിലെ സ്ഥിതി ഓൺലൈനായി വിലയിരുത്തൽ, ബന്ധപ്പെട്ട സ്റ്റേഷൻ പരിധിയിലല്ലാതെ തെറ്റായി രജിസ്റ്റർ ചെയ്യുന്ന പരാതികൾ അതത് അധികാരപരിധിയിലേയ്ക്ക് കൈമാറുന്നതിനുള്ള സൗകര്യം തുടങ്ങിയവ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ പ്രതേ്യകതകളാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഫയൽ ചെയ്യാവുന്നതാണ്. ചുമതലപ്പെടുത്തിയ പോലീസ് ഉദേ്യാഗസ്ഥർക്ക് പ്രത്യേക പാസ്സ് വേഡ് ഉപയോഗിച്ച് പോർട്ടൽ ഉപയോഗിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.