ഡെങ്കിപനി ലക്ഷണങ്ങള്‍

പനിയോടോപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് ഡെങ്കിപനിയുടെ പ്രധാന ലക്ഷങ്ങള്‍. 3-4 ദിവസം പനിക്കുക, തുടര്‍ന്ന് പനി കുറയുക, അതെ സമയം ക്ഷിണം വര്‍ധിക്കുക , വയറുവേദന , ഛര്‍ദ്ദി, ശരീരഭാഗങ്ങളില്‍ ചുവന്നു പൊട്ടുകള്‍ പോലെ കാണപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍

പ്രതിരോധമാര്‍ഗങ്ങള്‍

ശരീരത്തിലെ ജലാംശം കുറയാതെ നിലനിര്‍ത്താന്‍ പാകത്തില്‍ വെള്ളമോ ,കഞ്ഞിയോ ,മറ്റു ലായനികളോ ഇടക്കിടെ കുടിക്കുക. പൂര്‍ണവിശ്രമം മുഖേന ഡെങ്കി പനിയെ നേരിടാം. ആഴ്ചതോറും വീടും ഓഫീസുകളും പരിസരവും വൃത്തിയാക്കി വയ്ക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന ഡ്രൈഡേ ആചരണം ഫലപ്രദമായി നടപ്പാക്കുകയാണെങ്കില്‍ ഈഡിസ് കൊതുക് പ്രജനനം തടയാന്‍ കഴിയും വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലും ശ്രദ്ധിക്കണം.

രാവിലെയും വൈകുന്നേരവും കൊതുകു കടിക്കുന്നത് ഒഴിവാക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. വീടിനുള്ളില്‍ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുക.

എലിപ്പനി

മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗമാണ് എലിപ്പനി. എലി, അണ്ണാന്‍ മുതലായ ജന്തുക്കളുടെ മൂത്രം മൂലം മലിനമായ ജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാത്തരീതിയില്‍ വ്യക്തി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.പാടത്തും പറമ്പിലും മറ്റു വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവര്‍ പ്രതിരോധഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണം. കുട്ടികളെ മഴക്കാലങ്ങളില്‍ മുറ്റത്തും പാടത്തും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലും കളിക്കാന്‍ അനുവദിക്കരുത്. എലിപ്പനിക്കെതിരെയുള്ള പ്രതിരോധഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

മഞ്ഞപ്പിത്തം

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ കരുതലോടെയുള്ള ചികിത്സയും പരിചരണവും മഞ്ഞപ്പിത്തതിന് അത്യാവശ്യമാണ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുക എന്നിവ മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. രോഗമുള്ള ആളുടെ വിസര്‍ജ്യ വസ്തുക്കളാല്‍ ഭക്ഷണ പദാര്‍ത്ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗം പടര്‍ന്നു പിടിക്കും.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. വഴിയോര കച്ചവടക്കാരില്‍ നിന്നും പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക, അല്ലെങ്കില്‍ അവര്‍ അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

ഭക്ഷണത്തിനു മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക.കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരിക്കുക; അണുനശീകരണം നടത്തുക.മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക; മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണറിനു ചുറ്റുമതില്‍ കെട്ടുക; കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ് ചെയ്യുക.

മലമ്പനി

അനോഫിലസ് വിഭാഗത്തില്‍പെടുന്ന പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്. ശക്തമായ വിറയലും പനിയും കുളിരും ശരീരം വിയര്‍ക്കലും രോഗലക്ഷണങ്ങളാണ്. കൊതുക് കടിയിലൂടെ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. കൊതുകു വളരാനും പെരുകാനുമുള്ള സാധ്യത ഒഴിവാക്കുക. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവല ഉപയോഗിക്കുക, ഡ്രൈഡേ ആചരിക്കുക.

വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍ കൂത്താടി നിവാരണത്തിന് മത്സ്യങ്ങളെ നിക്ഷേപിക്കുക ഇതരസംസ്ഥാനങ്ങളില്‍ യാത്ര കഴിഞ്ഞു വരുന്നവര്‍ പനിയുണ്ടെങ്കില്‍ നിര്‍ബന്ധമായും രക്തപരിശോധന നടത്തി മലമ്പനി അല്ലെന്ന് ഉറപ്പുവരുത്തുക. അതിഥിസംസ്ഥാന തൊഴിലാളികള്‍, മുന്‍വര്‍ഷങ്ങളില്‍ മലമ്പനി രോഗബാധ ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തണം.

എച്ച് വണ്‍ എന്‍ വണ്‍

വൈറസ് മൂലമുള്ള വായുവിലൂടെ പകരുന്ന രോഗമാണ് ഇത് . ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു . പനി, ചുമ , തൊണ്ടവേദന , മൂക്കൊലിപ്പ് , ശരീരവേദന , എന്നിവയാണ് , പ്രധാന ലക്ഷണങ്ങള്‍ . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ്, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും ശൗചത്തിനു ശേഷവും സോപ്പ ്ഉപയോഗിച്ച് കൈകള്‍ കഴുകുക. ഭക്ഷണം നല്ലവണ്ണം അടച്ചു സൂക്ഷിക്കുക.