മുളന്തുരുത്തി: ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ ലോക മുലയൂട്ടൽ വാരാചരണം ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അങ്കണവാടികൾ കേന്ദ്രീകരിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് ജയ സോമൻ വാരാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫുഡ് ആന്റ് ന്യൂട്രീഷൻ ബോർഡ് പോഷക ആഹാരങ്ങളുടെ പ്രദർശനവും മത്സരവും നടത്തി. മുളന്തുരുത്തി പഞ്ചായത്തിലെ വിവിധ അങ്കണവാടികൾ മത്സരവിജയികളായി.
കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറിനുള്ളിൽ മുലയൂട്ടൽ, ആദ്യ ആറു മാസം മുലപ്പാൽ മാത്രം, കുപ്പിപ്പാൽ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രണ്ടു വയസ്സുവരെ കുഞ്ഞിന് മുലപ്പാൽ നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് പുറമേ കുറഞ്ഞ ചെലവിൽ പ്രാദേശികമായി ലഭ്യമാകുന്ന പോഷകാഹാരങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ അച്ചുതൻ,ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, അങ്കണവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.