ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത പദ്ധതിക്ക് തുടക്കമായി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ ജെ. മെഴ്സിക്കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കും. അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രക്കുളത്തില്‍ പരിശീലന സൗകര്യമൊരുക്കി. ഘട്ടം ഘട്ടമായി നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കാണ് ആദ്യ പരിശീലനം നല്‍കുക. ഇതിന് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകൃത കോച്ചുമാര്‍ നേതൃത്വം നല്‍കും.
രാവിലെ യു.പി. തലത്തിനും ഉച്ചക്ക് ശേഷം ഹൈസ്‌കൂള്‍ തലത്തിനും പരിശീലനം നല്‍കും. ഇരുപതുപേര്‍ വീതമുള്ള നാലു ബാച്ചുകളുണ്ടാകും. ആദ്യ ഘട്ടം നാലു മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതോടെ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത കൈവരിച്ച ആദ്യ നഗരസഭ ആറ്റിങ്ങലും ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആയി മാറും. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നടത്തുന്നത്. അഡ്വ. ബി. സത്യന്‍ എം.എല്‍.എ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
