പത്തനംതിട്ട: ജില്ലയിലെ കോന്നി താലൂക്കിലെ കൂടല്‍ വില്ലേജില്‍ 2021 ലെ ഭാരത സെന്‍സസിന് മുന്നോടിയായുള്ള പ്രീടെസ്റ്റ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രീടെസ്റ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍സസിന് മുന്നോടിയായി സംസ്ഥാനത്ത് കൂടല്‍ ഉള്‍പ്പെടെ രണ്ട് വില്ലേജുകളിലും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളിലും ഓഗസ്റ്റ് 12 മുതല്‍ സെപ്തംബര്‍ 30 വരെ പ്രീടെസ്റ്റ് നടത്തും.  ജില്ലാ കളക്ടറാണ് സെന്‍സസ് നടത്തുന്നതിനുള്ള ജില്ലയുടെ മേലധികാരി (പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍). ഇതിനു താഴെയായി തഹസീല്‍ദാര്‍മാരും മുനിസിപ്പാലിറ്റികളില്‍ സെക്രട്ടറിമാരും പ്രവര്‍ത്തിക്കും.
കൂടല്‍ വില്ലേജില്‍ 42 എന്യുമറേഷന്‍ ബ്ലോക്കുകളാണ് 2011 ലെ സെന്‍സസിനുള്ളത്. ഈ ബ്ലോക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രീടെസ്റ്റ് നടത്തുന്നത്. ഇതിനുള്ള തയാറെടുപ്പുകള്‍ താലൂക്കിലും നടന്നുവരുന്നു. 42 എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും  റിസര്‍വ് ആളുകളെയും നിയോഗിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയാണ് ഇതിലേക്ക് നിയമിക്കുന്നത്.
സെന്‍സസിന് എന്ന പോലെ പ്രീടെസ്റ്റിനും രണ്ട് ഘട്ടങ്ങളുണ്ട്.
വീട് പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസുമാണ് ഇതിലാദ്യം. അതിനുശേഷമാണ് ജനസംഖ്യാ കണക്കെടുപ്പ്. രണ്ടാം ഘട്ടത്തിനായുള്ള തയാറെടുപ്പാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. ഒപ്പം തന്നെ വീടുകളെയും അതില്‍ വസിക്കുന്ന ആളുകളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. വീടുവീടാന്തരം കയറിയിറങ്ങിയാണ് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 34 വിവരങ്ങള്‍ ഒരു ഷെഡ്യൂള്‍ ഉപയോഗിച്ച് തയാറാക്കും.
വീടുകളുടെ അവസ്ഥ, ഉപയോഗം, വീട് നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍, വീടിനുളളില്‍ താമസിക്കുന്നവരുടെ വിവരം, കുടുംബനാഥന്‍/നാഥയെക്കുറിച്ചുള്ള വിവരങ്ങള്‍, കുടുംബത്തിനുള്ള സാമഗ്രികള്‍ തുടങ്ങിയ വിവരങ്ങളും, ബാങ്കിംഗ് സര്‍വീസ് തുടങ്ങിയ വിവരവും ശേഖരിക്കും.
രണ്ടാം ഘട്ടമാണ് യഥാര്‍ഥ സെന്‍സസ്. വ്യക്തി വിവരങ്ങളാണ് ഇതില്‍ ശേഖരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും വിവരങ്ങള്‍ ഇതില്‍ ശേഖരിക്കും. 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇങ്ങനെ ശേഖരിക്കും. 2010ല്‍ തയാറാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, 2015-16 ല്‍ ആധാര്‍ കൂടി ശേഖരിച്ച് പുതുക്കി തയാറാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് തലത്തില്‍ അത് ഒന്നുകൂടി പുതുക്കിയെടുക്കുന്നതിന് നിര്‍ദേശമായിട്ടുണ്ട്. പ്രീടെസ്റ്റില്‍ അതിനു കൂടിയുള്ള വിവരശേഖരണവും നടത്തും.
ഓഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ എന്യൂമറേറ്റര്‍മാരുടെ ട്രെയിനിംഗ് കോന്നി താലൂക്കില്‍ നടത്തും. ഓഗസ്റ്റ് 12 മുതലാണ് ആദ്യഘട്ടം തുടങ്ങുന്നത്. സെപ്റ്റംബര്‍  ഒമ്പത് മുതല്‍ 29 വരെയാണ് രണ്ടാം ഘട്ടം. ഈ എന്യുമറേറ്റര്‍മാര്‍ തന്നെയാണ് എന്‍.പി.ആര്‍ പുതുക്കുന്നതിലേക്കുള്ള വിവരങ്ങളും ശേഖരിക്കുന്നത്.