വീടോ സ്ഥലമോ ഇല്ലാത്ത 2000 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്ന പദ്ധതിക്ക് സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ഉടനെ തുടക്കമിടുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി രൂപീകരിച്ച കെയര്‍ഹോം പദ്ധതിയെ തുടര്‍ന്നാണ് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്കായി ഫ്‌ളാറ്റ് നിര്‍മിക്കുന്ന പദ്ധതി കൂടി തുടങ്ങുന്നത്.

18 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്ന ഷോളയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണമേഖല നേരിടുന്ന വെല്ലുവിളി ആധുനികവത്കരണമാണ്. പ്രാഥമിക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് മികച്ച സൗകര്യം ഇടപാടുകാര്‍ക്ക് നല്‍കുന്നതിന്റെ  ഭാഗമായാണ് കേരള ബാങ്കിന്  സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്. പ്രതിബന്ധങ്ങള്‍ മറികടന്ന് ബാങ്ക് ഉടന്‍ യാഥാര്‍ഥ്യമാകുന്നതോടെ സഹകരണ മേഖല കാലാനുസൃതമായി മുന്നേറുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ സഹകരണ മേഖലാ നിക്ഷേപങ്ങളില്‍ 50 ശതമാനവുമുള്ള  കേരളം മികച്ച മാതൃകയാണ് കാഴ്ച്ചവെയ്ക്കുന്നത്. നോട്ടുനിരോധന കാലത്ത് ഒന്നരലക്ഷം കോടി സമാഹരണമുണ്ടായിരുന്ന സഹകരണരംഗം രണ്ടുവര്‍ഷത്തിനു ശേഷം 20,8000 കോടിയുടെ നിക്ഷേപത്തിലേക്ക് വളര്‍ന്നിട്ടുണ്ട്.

കേരളത്തിന്റെ സമസ്ത മേഖലകളിലും ശക്തമായ ഇടപെടല്‍ നടത്തുന്ന സഹകരണമേഖലയെ സംരക്ഷിക്കാന്‍ കേരളം കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാളികേരകര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായ പദ്ധതിക്ക് ഷോളയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു.