സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് അഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ജൂലൈ 16ന് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് വൻ വിജയത്തിലേക്ക്. മൂന്നാഴ്ചകൊണ്ട് 20,862 പേർ പുതുതായി ആവാസ് പദ്ധതിയിൽ അംഗങ്ങളായി.

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും പരിരക്ഷ ഉറപ്പാക്കുകയും സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുകയുമാണ് ആവാസ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ആശുപത്രികൾ, റീജിയണൽ ക്യാൻസർ സെന്റർ എന്നിവ ഉൾപ്പെടെ 56 ആശുപത്രികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്‌പെഷ്യൽ ഡ്രൈവിൽ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം റീജിയനാണ് അംഗങ്ങളുടെ എണ്ണത്തിൽ മുൻപന്തിയിൽ. ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കു പ്രകാരം 9229 അതിഥി തൊഴിലാളികൾ ഈ മേഖലയിൽനിന്ന് സ്‌പെഷ്യൽ ഡ്രൈവ് വഴി ആവാസിൽ അംഗങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം റീജിയണിൽ 7345 പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണിൽനിന്ന് 4288 തൊഴിലാളികളും പുതുതായി ആവാസിന്റെ ഭാഗമായി.

ജില്ലാതലത്തിൽ എറണാകുളം ജില്ലയാണ് ആവാസ് സ്‌പെഷ്യൽ ഡ്രൈവിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. 5404 പേർ ഇതുവരെ ജില്ലയിൽനിന്ന് സ്‌പെഷ്യൽ ഡ്രൈവ് വഴി പദ്ധതിയിൽ അംഗങ്ങളായി. തിരുവനന്തപുരത്തുനിന്ന് 3101 പേരും കോഴിക്കോടുനിന്ന് 1977 പേരും ആലപ്പുഴയിൽനിന്ന് 1970 പേരും പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. കൊല്ലം – 1156, പത്തനംതിട്ട – 1118, കോട്ടയം – 1464, തൃശൂർ – 1489, പാലക്കാട് – 872, മലപ്പുറം – 1251, കണ്ണൂർ – 1060 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്കുകൾ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകൾക്കായി ഈ മാസം മുതൽ പ്രത്യേക ഡ്രൈവ് നടത്തും.

കേരളത്തിലെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ അതിഥി തൊഴിലാളികൾക്കും രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും 15,000 രൂപയുടെ സൗജന്യ ചികിത്സാ സഹായവും ലഭിക്കുന്നതാണ് ആവാസ് പദ്ധതി. നിലവിൽ നാലു ലക്ഷത്തോളം പേർ പദ്ധതിയിൽ അംഗങ്ങളാണ്.