ഏറെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളിലൂടെ മലയാളികളുടെ മനം കവർന്ന കേരളാ പോലീസ് ടിക് ടോക്കിലും സാന്നിധ്യം ഉറപ്പിച്ചു. സമൂഹത്തെ ബോധവൽകരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതൽ കേരളാ പോലീസ് ടിക് ടോക്കിൽ തരംഗമാകും.

ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പോലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങൾ സ്വീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാൻ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പോലീസ് ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽ നോട്ടത്തിൽ ഉള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിമൽ വി.എസ്, കമൽനാഥ് കെ.ആർ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബി.റ്റി, സന്തോഷ് പി.എസ് എന്നിവരുമാണ് ഉള്ളത്. ടിക് ടോക് വീഡീയോകൾക്കായി ആശയങ്ങൾ കണ്ടെത്തി തിരകഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുന്നതും ഇവർതന്നെയാണ്.

ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കേരളാ പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ സംസ്ഥാനതല പോലീസ് പേജുകളിൽ ഒന്നാമതാണ്.