പത്തനംതിട്ട: അമൂല്യസ്വത്തായ ജലം ജീവനും കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ ശാസ്ത്രീയമായി വിതരണം ചെയ്യണമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി  പറഞ്ഞു. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹരിമായി ജല അതോറിറ്റി വിഭാവനം ചെയ്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം മല്ലപ്പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജലവിതരണം കാര്യക്ഷമമാക്കിയാല്‍ കാര്‍ഷിക മേഖലയില്‍ വന്‍വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. 2014 ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 6.78 കോടി ചെലവഴിച്ച് ജലം ശേഖരിക്കുന്നതിനുള്ള കിണറും, പുളിക്കാമലയില്‍ 100 ലക്ഷം ലിറ്റര്‍ ജലം പ്രതിദിനം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പ്രവൃത്തികളും പൂര്‍ത്തിയായി വരുകയാണ്.

നിര്‍മാണോദ്ഘാടനം നടത്തിയ രണ്ടാം ഘട്ടത്തില്‍ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിന് പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പ്പൂര് തൃച്ചേര്‍പ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നീ ആറു സ്ഥലങ്ങളില്‍ പുതിയ ടാങ്കുകളും പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാന്‍കുന്ന് എന്നിവിടങ്ങളിലെ ടാങ്കുകള്‍ നവീകരിച്ചും, ശാസ്താംകോയിക്കല്‍, ഹനുമാന്‍കുന്ന് എന്നിവിടങ്ങളില്‍ ഭൂതല ടാങ്കുകളും ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ജലം ശേഖരിച്ച് വിതരണം ചെയ്യും.

24 കോടി രൂപാ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.  മൂന്നാം ഘട്ടത്തില്‍ വിതരണ ശൃംഖലയ്ക്കുള്ള സര്‍വേ നടപടികള്‍ മൂന്നു പഞ്ചായത്തുകളിലെ 31 വാര്‍ഡുകളില്‍ ആരംഭിച്ചു.
കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പ്രതിദിനം 70 ലിറ്റര്‍ ആളൊഹരി വിഹിതമായി 57310 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കാനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.