പുതുതലമുറയ്ക്ക് ആവേശം പകരണമെങ്കില്‍  പുതിയ നിര്‍മാണ രീതികള്‍ നടപ്പാക്കണമെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍  പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിച്ച വെച്ചൂച്ചിറ സെന്റ് തോമസ് പടി – മണിപ്പുഴ റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനമാണ് നല്ല റോഡുകള്‍.

നല്ല കരാറുകാര്‍ ഉണ്ടായാലേ നല്ല റോഡും പാലവും ഉണ്ടാകൂ. പാലാരിവട്ടം പാലം പണിത കോണ്‍ട്രാക്ടര്‍ കേരളത്തിലെ  ഒരു പ്രവൃത്തി പോലും പൂര്‍ത്തീകരിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് റാന്നി നിയോജക മണ്ഡലത്തില്‍ 585.5 കോടി കോടി രൂപയാണ് റോഡും പാലവും നിര്‍മിക്കാന്‍ ഉപയോഗിച്ചത്.  കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രാജു എബ്രഹാം എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹന്‍രാജ് ജേക്കബ്, റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം എം ജി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മീനു എബ്രഹാം, ബിബിന്‍ മാത്യു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍ അനില്‍കുമാര്‍, ആര്‍ വരദരാജന്‍, സിറിയക് തോമസ്, എസ് ആര്‍ സന്തോഷ് കുമാര്‍,  ബി രാജശ്രീ, ടി കെ ജെയിംസ്, ബിനു തെളളിയില്‍, ലാല്‍ജി ഏബ്രഹാം, സജി ഇടിക്കുള, എം വി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റാന്നി വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്‌കൂള്‍ പടിയില്‍ നിന്നും ആരംഭിച്ച് കോട്ടയം ജില്ലയുടെ ഭാഗമായ മണിപ്പുഴയില്‍ അവസാനിക്കുന്ന റോഡിന് 2.3 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ട്.

2018-19 വെള്ളപ്പൊക്ക കെടുതിയില്‍ പെടുത്തി ഈ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ പണിചെയ്യുന്നതിന്  2.20 കോടി രൂപായുടെ അനുമതിയാണ് ലഭിച്ചിരുന്നത്.  ചങ്ങനാശേരി പാലാത്ര സോണി മാത്യൂ എന്ന കരാറുകാരനാണ് പണികള്‍ പൂര്‍ത്തീകരിച്ചത്.

2.30 കി.മി റോഡ് 5.50 മീറ്റര്‍ വീതിയില്‍ ബി.എം & ബി.സി ചെയ്യാനും, വീതികുറവുള്ള ഭാഗങ്ങളില്‍ വീതി കൂട്ടി, 5.50 മീറ്റര്‍ വീതിയില്‍ ഡി.ജി ബി. എം & ബി.സി ഉപരിതലവും, ഒരു കലുങ്കിന്റെ വീതി കൂട്ടുന്നതിനും 220 മീറ്റര്‍ സംരക്ഷണഭിത്തി, 300 മീറ്റര്‍ കോണ്‍ക്രീറ്റ് ഓട, 100 മീറ്റര്‍ ഐറിഷ് ഡ്രെയിന്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ എല്ലാംപൂര്‍ത്തീകരിച്ചു.  ഈ റോഡ് പൂര്‍ത്തിയായതോടെ വെച്ചൂച്ചിറയില്‍ നിന്നും എരുമേലിയിലേക്കും കോട്ടയത്തേക്കും പോകാന്‍ വളരെ വേഗം സാധിക്കും.