ആര്‍ദ്രം പദ്ധതിയുടെ മികവ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രകടം
ആരോഗ്യരംഗത്ത് കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്ന് കേന്ദ്ര സംഘം. പതിനാലാം ധനകാര്യ കമ്മീഷന് ധനസഹായം വിനിയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി എത്തിയ സംഘമാണ് ആരോഗ്യരംഗത്ത് ആര്‍ദ്രം പദ്ധതി വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വിലയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിലെ ഉദ്യോഗസ്ഥരായ ഡോ. രാജീവ് ശര്‍മ, സന്ദീപ് സര്വ്വാഡേ, മീനാക്ഷി ശര്‍മ എന്നവരാണ് സംഘാംഗങ്ങള്‍. പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ നല്കുന്ന സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പൂര്‍ണ സംതൃപ്തിയും ഇവര്‍ പ്രകടിപ്പിച്ചു.
ആര്‍ദ്രം പദ്ധതിയിലൂടെ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മേഖലയില്‍ വലിയ മുന്നേറ്റത്തിനാണ് ഇടയാക്കുന്നത്. വെളിയം, നെടുവത്തൂര്‍, എഴുകോണ്‍, പാരിപ്പള്ളി ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.
വെളിയം, നെടുവത്തൂര്‍, പെരിനാട്, എഴുകോണ്‍, തൃക്കരുവ, ചാത്തന്നൂര്‍, ചിറക്കര കല്ലുവാതുക്കല്‍ എന്നീ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച സംഘം ഇവയെല്ലാം ഐ.എസ.്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് രാജ്യത്തെ ഏറ്റവും മികച്ചതെന്നും വ്യക്തമാക്കി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണ്.
നെടുവത്തൂരിലെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും ഷെഡ്രിങ് യൂണിറ്റ്, ഗ്രോബാഗ് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ സാധ്യതകളും ചോദിച്ചറിഞ്ഞു. താഴെത്തട്ടിലുള്ള ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വിനിയോഗിക്കാവുന്ന അനുകരണീയ മാതൃകയാണ് കേരളത്തിലേത് എന്നും വിശദീകരിച്ചു.
ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ സംയോജിത കൃഷി വികസന പദ്ധതി പ്രദേശവും സന്ദര്‍ശിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ സാമ്പ്രാണിക്കോടി ടൂറിസം വികസന പദ്ധതി, പോളച്ചിറ ഏലയില്‍ നടപ്പിലാക്കുന്ന കൃഷിരീതി എന്നിവയും വിലയിരുത്തി. ഇത്തരം പദ്ധതികള്‍ ധനകാര്യ കമ്മീഷന്റെ ധനസഹായ പരിധിയില്‍ ഉള്‍പെടുത്താന്‍ ശുപാര്‍ശ നല്‍കുമെന്നും അറിയിച്ചു.
16 സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളാണ് നേരത്തെ സന്ദര്‍ശിച്ചത്. ജില്ലയിലെത്തിയ സംഘം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും പഠന വിധേയമാക്കി.
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പി. അംബിക കുമാരിയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ചോദ്യാവലി നല്കി രേഖപ്പെടുത്തി.