ഈ സാമ്പത്തിക വര്‍ഷം 210 സ്മാര്‍ട്ട് അങ്കണവാടികള്‍

തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടികളെ ശാക്തീകരിച്ച് സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന തരത്തില്‍ പ്രകൃതിയോട് ഇണങ്ങിയും കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വികാസത്തിന് ഊന്നല്‍ നല്‍കുന്ന തരത്തിലും വിഭാവനം ചെയ്തിട്ടുള്ള അങ്കണവാടികളെ ഉന്നത നിലവാരത്തിലുള്ളതാക്കി മാറ്റുന്നതിന്റെ നൂതന സംരംഭമാണ് സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണം.

സ്മാര്‍ട്ടായി വളരാന്‍ സ്മാര്‍ട്ട് അങ്കണവാടികള്‍

അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന സ്മാര്‍ട്ട് അങ്കണവാടികളാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടി കെട്ടിടങ്ങളുടെ രൂപകല്‍പന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അങ്കണവാടിയ്ക്ക് രൂപം നല്‍കുന്നത്.

6 വയസുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി.) റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അങ്കണവാടികള്‍ സമൂലമായി പരിഷ്‌ക്കരിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രധാനമാണ് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍. സംസ്ഥാനത്തെ 258 ഐ.സി.ഡി.എസ്. പ്രോജക്ടുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ, എം.എല്‍.എ., എം.പി. പ്രാദേശിക ഫണ്ട് കണ്ടെത്തിയോ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി നിര്‍മ്മാണം നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 210 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രവും കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറും ചേര്‍ന്ന് സ്ഥാപിച്ച ലാറി ബേക്കറിന്റെ പേരിലുള്ള കാറ്റ് ലാബിഷാസ് ഡീസൈന്‍ ലാബിലാണ് ഇതിന്റെ മാതൃകകള്‍ ഡിസൈന്‍ ചെയ്തത്.

വ്യത്യസ്ത വിസ്തൃതിയിലുള്ള 6 അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതല്‍ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികള്‍ക്ക് നീന്തല്‍ക്കുളം, ഉദ്യാനം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍ എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ സമാംരംഭം എന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ പൂജപ്പുര വനിത ശിശു വികസന വകുപ്പിന്റെ അധീനതയിലുള്ള 10 സെന്റ് സ്ഥലത്ത് തിരുവനന്തപുരം അര്‍ബന്‍ 2 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 37-ാം നമ്പര്‍ അങ്കണവാടിയ്ക്ക് ഒരു സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി പൂര്‍ണമായും വകുപ്പിന്റെ ഫണ്ട് മാത്രം വിനിയോഗിച്ചാണ് സാര്‍ട്ട് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് നിലകളിലായി 1655.23 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള സ്മാര്‍ട്ട് അങ്കണവാടിക്ക് 44,94,518 രൂപയാണ് നിലവില്‍ എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന്റേയും ലോക മുലയൂട്ടല്‍ വാരാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 5 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.