കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2018 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിതാ കായികതാരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.

ദേശീയ/അന്തർദേശീയ കായിക രംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ചവച്ച കേരളീയരായ കായികതാരങ്ങൾക്ക് 2018 സ്‌പോർട്‌സ് കൗൺസിലിന്റെ പരമോന്നത ബഹുമതിയായ ജി.വി.രാജ അവാർഡിന് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓരോ കായികതാരത്തിനെയാണ് അവാർഡിന് പരിഗണിക്കുന്നത്. ജി.വി.രാജ അവാർഡ് മുൻകാലങ്ങളിൽ ലഭിച്ചവർ അപേക്ഷിക്കരുത്.
കേരള കായികരംഗത്തിന് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിക്ക് ആജീവനാന്ത കായികനേട്ടങ്ങൾ പരിഗണിച്ച് നൽകുന്ന സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് രണ്ടുലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

മികച്ച കായിക പരിശീലകന് ഒരുലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിൽ സേവനം അനുഷ്ഠിക്കുന്ന, കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ തങ്ങളുടെ കഴിഞ്ഞ നാലുവർഷത്തെ(2015-16, 2018-19)പരിശീലന മികവിന്റെയും പരിശീലനം നൽകിയ കായികതാരങ്ങളുടെ നേട്ടങ്ങളുടെയും വിശദവിവരങ്ങൾ ഉൾപ്പെടുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.

കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂൾ, കോളേജുകളിലെ കായികാധ്യാപകർക്ക്, കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റേയും അടിസ്ഥാനത്തിൽ, മികച്ച കായികാധ്യാപക അവാർഡിനായി അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

മികച്ച കായികനേട്ടങ്ങൾ കരസ്ഥമാക്കിയ സ്‌കൂളിന് അവാർഡിന് അപേക്ഷിക്കാം. കായിക നേട്ടങ്ങളുടെ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 50,000 രൂപയും, ഫലകവും, പ്രശംസാപത്രവുമാണ് അവാർഡ്.

കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്‌പോർട്‌സ് ലേഖകനും, സ്‌പോർട്‌സ് ഫോട്ടോഗ്രാഫർക്കും കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമത്തിനും, മികച്ച സ്‌പോർട്‌സ് പുസ്തകത്തിനും മാധ്യമ അവാർഡിന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

2018 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും, ചിത്രങ്ങളേയും, ഈ കാലയളവിൽ കേരള കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടികളേയും, ഈ കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരാളിൽ നിന്നും പരമാവധി രണ്ട് ലേഖനങ്ങളും, രണ്ട് ഫോട്ടോകളും, രണ്ട് സി.ഡി.കളും സ്വീകരിക്കും.

പ്രത്യേക അപേക്ഷാഫോം ഇല്ല. പൂർണമായ പേരും, മേൽവിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും, തിയതിയും വ്യക്തമാക്കിയിരിക്കണം.
സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള കോളേജ്/സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി(സ്‌പോർട്‌സ് ഹോസ്റ്റൽ) വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിത കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.

ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ് (സ്‌പോർട്‌സ് കൗൺസിലിന്റെ സ്‌കീമിലുള്ള കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ).
അപേക്ഷകർ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോടുകൂടി സമർപ്പിക്കണം.

അപേക്ഷകൾ സെപ്തംബർ 15 ന് മുൻപായി സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാഫോം വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് www.sportscouncil.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2330167, 2331546.