സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഉൾനാടൻ മത്സ്യകൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള
രണ്ടാംഘട്ട പദ്ധതിയ്ക്ക് തുടക്കമായി. കുമളി വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ വച്ച് രണ്ടാംഘട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു.
പ്രളയ പുനരുദ്ധാരണ പദ്ധതി, കുടുംബശ്രീ വഴിയുള്ള മത്സ്യകൃഷി പദ്ധതി, കുടികളിലെ മത്സ്യകൃഷി പദ്ധതി എന്നിവയ്ക്കുള്ള മത്സ്യവിത്ത് വിതരണോദ്ഘാടനവും ഇതോടൊപ്പം നടന്നു.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
മത്സ്യക്കൃഷിയിൽ മികവ് തെളിയിച്ച സംസ്ഥാന-ജില്ലാതലങ്ങളിലെ അവാർഡ് ജേതാക്കളെ യോഗത്തിൽ ആദരിച്ചു.
ജില്ല ഫിഷറീസ് ഓഫീസർ പി.ശ്രീകുമാർ സ്വാഗതമാശംസിച്ച യോഗത്തിൽ ഫിഷറീസ് അസി. എക്സ്റ്റൻഷൻ ഓഫീസർ പി.കണ്ണൻ റിപ്പോർട്ടവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ആൻസി ജെയിംസ്, ഉഷ രാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ.ബാബുക്കുട്ടി, കെ.ജി. അജേഷ് കുമാർ, ജോണി ചെരുവുപറമ്പിൽ, ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസർ ഐ.രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മത്സ്യകർഷക സെമിനാറും നടന്നു.